'ഘർവാപസി'

സന്ധ്യയുടെ ചുവന്ന ചുണ്ടുനോക്കി
പക്ഷികൾ എന്നത്തെയും പോലെ
പറന്നു പോകുന്നു

ചെടികൾ ആകാശം നോക്കി
മെല്ലെ ഉയരുന്നു
കടൽ കരയിലേക്ക് മെല്ലെ
എത്തിനോക്കുന്നു


ഞാൻ മാത്രം പുതുവർഷം
നവവർഷം എന്നൊരാഹ്ലാദത്തിൽ
മതിമറക്കുമ്പോൾ
ധനുമാസമെന്റെ കഴുത്തിനു പിടിക്കുന്നു


തലയിൽ മഞ്ഞൊഴിച്ച് മത്തുമാറ്റുന്നു
ഞാൻ ധനുമാസത്തിന്റെ
ഒരിലയിൽ നിന്നും മറ്റൊരിലയിലേക്ക്
ഒരു മഞ്ഞുകണംപോലെ
പടരുന്നു.


അതുകണ്ട്
'ഘർവാപസി'
'ഘർവാപസി'യെന്ന്
മലയാളം മറ്റേതോ ഭാഷയില് മൊഴിഞ്ഞുവോ?

സിൻഡ്രല്ല



നഷ്ടപ്പെട്ട ഒറ്റച്ചെരിപ്പായിരുന്നു
കാമുകനു കടന്നുവരാനുള്ള
ഒരേയൊരു വഴി;
നിനക്ക് സന്തോഷമണിയാനുള്ള
ഒരേയൊരു പഴുത്

പാകമാകാത്ത കാലുകൾക്ക്
കണ്ണീർ കൊടുത്താലും
അവനാ ചെരുപ്പ് കൊടുക്കില്ല

അവന്റെ കൈപിടിച്ച്
നീ വെച്ച ചുവടുകൾ
മാത്രമാണ് താളമുള്ള
നിന്റെ ചലനങ്ങൾ;
അവന്റെയും

സിൻഡ്രല്ലാ...
നഷ്ടപ്പെട്ടതൊന്നും
നഷ്ടമാകാത്ത
അഭൗമമായ നൃത്തമാണ്
അവന്റെ വരവ്!

ആ സ്കൂൾ



ആ സ്കൂളിലെ ഓരോ മൺതരിയും
നമ്മുടെ കാലൊച്ചകൾ തിരഞ്ഞ് 
മടുത്തിട്ടുണ്ടാവും
ആ സ്കൂളിലെ

 ചെറിയ ഡെസ്കും ബെഞ്ചും പുലരിത്തണുപ്പിൽ
നമ്മുടെ ചൂട് ആഗ്രഹിക്കുന്നുണ്ടാകും


ആ സ്കൂളിലെ ഓരോ മരങ്ങളും
നമ്മുടെ ചിരികാണുവാൻ കാത്തുനിൽക്കുകയാവും
നാം ഓടി നടന്ന വരാന്ത
അതിന്റെ ഹൃദയം തുറന്ന്
കരഞ്ഞു കലങ്ങിയ കണ്ണുമായ്
നാമിറങ്ങിയതു മുതൽ
ഗെയ്റ്റിലേക്ക് നോക്കി നിൽക്കുന്നുണ്ടാകും


നാം
നമ്മുടെ സ്വന്തം ഇരുട്ടിൽ
ആ സ്ക്കൂൾ നമുക്കു തന്നതുകൊണ്ടു മാത്രം

 പ്രകാശിച്ചു നിൽപ്പാണ്
ആ സ്കൂൾ ഇപ്പോഴും നമ്മുടെ കണ്ണുകളിൽ ഇമവെട്ടാതെ നോക്കുന്നു
നാം നക്ഷത്രങ്ങൾ ആയതുകൊണ്ട്
ഇടയ്ക്ക് കണ്ണുചിമ്മിപ്പോകുന്നു


ആ സ്കൂളിലെ ഓരോ ശബ്ദവും
നമ്മുടെ താളമായ്
നമുക്ക് സംഗീതം പകരുന്നു


നാമൊരു ഗസലായ് ഒഴുകിപ്പടരുന്നു

ക്യാമ്പ്



ഏഴു നിറങ്ങളുള്ള നാളുകൾ
ഞങ്ങളിലുടെ കടന്നുപോയി
നിറമില്ലാതിരുന്ന ഞങ്ങൾക്ക്
നിറം തന്ന്
അവ ഓടിപ്പോയി

സ്നേഹത്തിന്റെ സൂര്യൻ
തെളിഞ്ഞതായിരുന്നു പകൽ
സൗഹൃദത്തിന്റെ തണുപ്പിൽ
ഉറങ്ങാതിരിക്കയായിരുന്നു രാത്രി

ഞങ്ങൾ ഇതളുകളായ ഒരു പൂവിന്റെ
തേൻനുകർന്നതായിരുന്നു സന്ധ്യ
ഞങ്ങൾ ചിരിച്ചിളകിയ മരമായിരുന്നു
കിളികൾ കൊണ്ടുവന്ന പുലരികൾ

ആ നാളുകൾ
ഏതോ സ്വപ്നത്തിൽ നിന്നും
പറന്നുവന്ന മാലാഖമാർ
ഞങ്ങൾക്കു മുന്നിൽ വെച്ച
നിധിയാണ്

ഇനിയുള്ള കാലം
ഞങ്ങളതിനു കാവലിരിക്കും .

ഇരിക്കും!

കടലിന്റെ താളുകൾ

തിരക്കവിത വായിക്കാൻ
കാറ്റു മറിച്ചുനോക്കുന്നു
കടലിന്റെ താളുകൾ!

എട്ടാം നിലയിലെ ഫ്ലാറ്റിൽ





ഹെലിക്കോപ്റ്റെറിൽ
സഞ്ചരിക്കാനുള്ള മോഹം
ഏതായാലും ഇല്ല
എന്നിട്ടും കണ്ണെടുക്കാതെ
നോക്കി നിൽക്കും

എട്ടാം നിലയിലെ ഫ്ലാറ്റിൽ നിന്നും
ഹെലിക്കോപ്റ്റെർ  കാണുമ്പോൾ
മനസ്സിലൂടെ  ഒരു തുമ്പി  പറക്കും
അതന്നേരമേ വരൂ

ഹെലിക്കോപ്റ്റെർ പോയാലും
കുറച്ചു നേരമതവിടെ വട്ടമിട്ടു പറക്കും
കുറച്ചു നേരം മാത്രം
മകന്റെ കുഞ്ഞ് തൊട്ടിലിൽ നിന്നും
അന്നേരം വിളിക്കും

പിന്നെ അവന്റെ കരച്ചിലിൽ
എന്റെ പുറത്തെത്താത്ത കരച്ചിൽ കോർത്ത്
ഒരു മാലയുണ്ടാക്കും
കുലദൈവത്തെ വിളിച്ച് അതെറിഞ്ഞു കൊടുക്കും
കടലിനപ്പുറത്ത്  തുമ്പിയോടോത്ത് കളിക്കുന്ന
എന്റെ ദൈവമേ
നിനക്കതു കിട്ടുമോ ?

-ഞാനെന്ന ഉണക്ക മരം-





വറ്റിപ്പോയ പുഴകളെല്ലാം
 എന്റെ ഉള്ളിലുണ്ട്
വേദനിക്കുമ്പോ
കണ്ണീരിലൂടെ അവ ഇറങ്ങി വരും

തപിച്ചു പൊള്ളുമ്പോ
വേനലവയെ ഉപ്പുകലക്കി
ഒരു മഹാസമുദ്രമാക്കും

വേറുതെയിരുന്നാലും
ഇറങ്ങി നടന്നാലും
അസ്വസ്ഥതയോടെ പിടഞ്ഞാലും
ഉറങ്ങിപ്പോയാലും
ഉടലിലവ തിരയടിക്കും

ആ തിരയി കുളിച്ച്
പകച്ചു നിക്കുന്നു
മഴയെ തിരഞ്ഞു മടുത്ത
ഞാനെന്ന ഉണക്ക മരം

പച്ച തിരഞ്ഞു ...



മനസ്സുരുകിയൊലിക്കുന്ന പകല്
ഞാനും മൂന്നാടുകളും കുന്നുകയറി
മണവാട്ടിയെപ്പോലെ കുന്ന്
സ്വര്ണ്ണവര്ണ്ണത്തില് പരന്നുകിടന്നു
നാക്ക് നനയ്ക്കാനാവാതെ
ആടുകളിലൊന്നു വീണു
ഞാനും വീണു
ബാക്കി രണ്ടാടുകള്
പച്ച തിരഞ്ഞു നടന്നുണങ്ങിപ്പോയി

പുതു തളിര്‍ച്ചിരി



തിരിച്ചു വന്നില്ല
പൊഴിച്ച ഇലകളൊന്നും

തിരിഞ്ഞു നോക്കിയില്ല
വിടര്ത്തിയ പൂവുകളൊന്നും
കല്ലേറു മാത്രമേ കിട്ടിയുള്ളൂ

തുടുത്തു തൂങ്ങിയ 
 കായകള്ക്കൊക്കെയും
ചുളിഞ്ഞ തൊലിയുമാരോ കട്ടെടുത്ത്
വിറകായെരിച്ചൂ , 

എന്നിട്ടും
ചില്ലകള് വിടര്ത്തി 
 പഴയ കവിതയായ്
പുതു തളിര്ച്ചിരി കാത്തിരിക്കുന്നൂ

കയ്യില്‍ പത്രവും പിടിച്ച്



സായന്തനത്തില്

വീണ പൂവുകല്ക്കടുത്തേക്കോടി
മുല്ലമുത്തുകള് പെറുക്കി 
 മകള്ക്കൊരുപൂമാല കോര്ത്തു

രാത്രിയായി

അവളുടന് പൂത്തു

നിലാവെളിച്ചം പരന്നു

നേരം വെളുത്തു

കയ്യില് പത്രവും പിടിച്ച്

എന്നെ തുറിച്ചു നോക്കി
വീണപൂവുപോലവളും വാടി...
പൂവുകള് വീണ്ടും വീണുകൊണ്ടിരുന്നു...