പതിനാറായിരുന്നു പ്രായം




പതിനാറായിരുന്നു പ്രായം
പത്തുനൂറു പവനുണ്ടായിരുന്നു
പത്താതരം പരീക്ഷ  
എഴുതും മുൻപായിരുന്നു
പത്തായിരം പേരു പങ്കെടുത്തിരുന്നു
പകലുകഴിയും മുൻപേ 
 പങ്കെടുത്തവർ പിരിഞ്ഞു
പാതിരക്കോഴിയും കൂവി
പരപരാ നേരവും വെളുത്തു
പകലുകൾ രാത്രികളായി
പാട്ടുകൾ മരിച്ചു 
കുട്ടികൾ കരഞ്ഞു
പതിവുപോൽ കാലം കടന്നുപോയി

പ്രഭാതമേ വരരുതേ.......



മരുഭൂമിയിൽ
നിലവിളികൾ
മണലിൽ കിടന്നുറങ്ങിയ രാത്രികളിൽ
നിന്റെ  വേദനകൾ  
എന്നെ ആരോ പുതപ്പിച്ചു
സ്വപ്നങ്ങളിൽ ജലം കുടിക്കുന്ന
പച്ചപ്പുല്ല് മുളച്ചു
ഞാൻ വയൽ വരമ്പു പോലെ  
നിവർ ന്നുകിടന്നു
അതിലെ നീ നടന്നു....
.നടന്നു ....
പ്രഭാതമേ വരരുതേ.......

മോഹം

നാം നടത്തം പഠിച്ച മണ്ണിൽ
നാം നടക്കുവാൻ മടിച്ച പകലിൽ
നാം നടന്നുപോയ വഴികൾ
നമ്മെക്കാളും മാറിപ്പോയ്

കാറിലേസിയിൽ
 കാറ്റും വെയിലും മഴയുമില്ലാതെ
കലമ്പിപ്പോകും ഋതുക്കളെയറിയാതെ
ഞാനും നീയും  
മറന്നതൊക്കെയും
അടുത്തു വന്നിങ്ങനെയോരോന്നു പറയുന്നു,
കുന്നു കയറുവാനൊരു മോഹം
ഇടവഴിയിലൂടെ ഒടുവാനൊരു മോഹം
ഒതുക്കു കല്ലുകൾ 
 ചവിട്ടിക്കയറുവാനൊരു മോഹം
പാറക്കെട്ടിൻ മുകളിൽ  
നിന്നും നിന്നെവിളിക്കുവാനൊരു മോഹം



നാമൊന്നു തൊടുമ്പോൾ




മരത്തിൽ നാം 
പച്ചയായ്  
പച്ചമരത്തിൽ നാം  
കൊത്തിവെച്ച സന്തോഷങ്ങൾ
ഇപ്പോഴുമുണ്ടാവും
ഉണങ്ങിപ്പലകകളായ് 
പിരിഞ്ഞ വേദനയിൽ !

നാം കണ്ണുപൊത്തിക്കളിച്ചതിന്റെ 
ആർപ്പുമാനന്ദവും
ഇപ്പോഴുമുണ്ടാവും
ഇളകുമിലച്ചാർത്തായതിന്റെ കണ്ണീരിൽ!

വാതിലും ജനാലയും  
നാമൊന്നു തൊടുമ്പോൾ 
കരയുന്നതെന്തിനെന്നിപ്പോൾ  
മനസ്സിലായോനിനക്ക് ?