കവികേരളം



 .....കവികേരളം....

സോമാലിയൻ ദാഹം
അറേബ്യൻ വസന്തം
ലേബർക്യാമ്പ്
ചസ്നാല
കൂടംകുളം
അമേരിക്ക 
 മണ്ണാങ്കട്ട
എന്നൊക്കെ പറഞ്ഞ്
ഞങ്ങളുടെ കവി
എ സി ബാറിലേക്ക് കയറി

ഉദ്ഘാടനത്തിനു വന്നപ്പോൾ
കഞ്ഞി കുടിക്കാൻ കൊടുത്ത
രണ്ടായിരവും പൊടിപൊടിച്ചു

അടുത്ത കവിത
അവസാനത്തെ പെഗ്ഗിൽ നിന്നും
വീണു പ്രസാദിക്കുന്നതും
കാത്തിരുന്നു

നിസ്സഹായർ


..............നിസ്സഹായർ ...........


ചെടിയെഴുതിയതത്രയും
പൂവായ് നാം വായിച്ചു

പുഴുവരിച്ചപ്പോൾ
വേദന ഇലകളിലുമിതളുകളിലും
വരച്ച മുറിവുകൾ
ചിത്രങ്ങളായ് നാമാസ്വദിച്ചു

ചെടി 
 പിടിച്ചു വെച്ചിട്ടും
അമ്മയിൽ നിന്നും  
കുഞ്ഞിനെ എന്നപോലെ
പൂവു നാം പറിച്ചു
 
ഇതുകൊണ്ടാവുമോ നാമിപ്പോൾ
ചെടികളെപ്പോൽ  
കുട്ടികളുടെ കാര്യത്തിൽ 
നിസ്സഹായരായത്?

ഹൈക്കു -കിളികൾ-


ഹൈക്കു  

-കിളികൾ-


പൂക്കുവാൻ വൈകിയ മാവിൽ
പൂത്തുനിൽക്കുന്നു
വഴിതെറ്റി വന്ന കിളികൾ

..........ചില നിമിഷങ്ങളിൽ.........


 ..........ചില നിമിഷങ്ങളിൽ.........

പിടഞ്ഞു മരിച്ച വർഷങ്ങളെ
ജീവിച്ച വയസ്സുകളെന്നു നീ വിളിച്ചു.
 
വയസ്സറിയിച്ചുമല്ലാതെയും
വിളിച്ചു കൂവിയാൽ കേൾക്കാത്ത
ദൂരത്തിലേക്ക്
ഇന്നലെകൾ ജീർണ്ണിച്ചു മണ്ണടിഞ്ഞതു
നീയറിഞ്ഞില്ല.

മരിച്ച നിമിഷങ്ങളുടെ 
 കല്ലറകളാണോർമ്മ.

ഒരുപുഴയിൽ ഒരു വട്ടം പോലും
കുളിക്കാനാവില്ലെന്നതുപോൽ
മരിച്ചു കൊണ്ടിരിക്കുന്ന നിമിഷത്തിൽ
ജീവിക്കുവാനെങ്ങനെ കഴിയും ?

ആരും ജീവിക്കുന്നില്ല ; 
മരിക്കുന്നേയുള്ളൂ .

എന്നിട്ടും
ചില നിമിഷങ്ങളിൽ
നാം എല്ലാം മറന്നു ജീവിക്കുന്നു
മരണം ജീവിതമാക്കുന്നു.

ഹൈക്കു -പ്രണയം-



ഹൈക്കു -പ്രണയം- 

അവളുടെ ചിറകിൽ
അവൻറെ തൂവലുകൾ
വീണുകിടക്കുന്നു