തിരതുടങ്ങുന്നിടത്ത്


.......തിരതുടങ്ങുന്നിടത്ത്......

കടലിൽ,
തിരതുടങ്ങുന്നിടത്ത്
മുങ്ങിപ്പോയ കപ്പലിലാണ്
അവളുടെ ആഗ്രഹം
തടവിൽ കഴിയുന്നത്.

അത്രമേൽ തണുത്ത്
ആഴത്തിന്റെ  ആധിയിൽ
അവൾ ലയിച്ചതിൽ പിന്നെ
ആഗ്രഹത്തിനടുത്തേക്ക്
അവൾ പോയിട്ടില്ല
 
പ്രഷർ കുക്കറിലെ തിരകളിൽ
എന്നെങ്കിലുമൊരുതോണി കാണുമെന്നവൾ
വെറുതേ ഓർക്കും
 
മക്കളെ കോണ്‍വെന്റിലാക്കാൻ ചിന്തിക്കും
അവരുടെ കണ്ണിലെക്കടലിലവൾ
മുങ്ങിമരിക്കുമെന്നോർത്തു പേടിക്കും
ആഗ്രഹങ്ങൾ  തടവറയിൽ തന്നെ കഴിയും

അന്നേരം 
അവൾ 
സ്വപ്‌നങ്ങൾ ചുരുട്ടിപ്പിടിച്ച് 
അടുപ്പിൽ നിന്നും 
പാത്രങ്ങളോരോന്നായ് 
ഇറക്കിവെക്കും 

വിശുദ്ധനരകത്തിലെത്തും മുമ്പ്


......വിശുദ്ധനരകത്തിലെത്തും മുമ്പ് .....

മഴമാറിയാൽ
പൂക്കാലം പോയാൽ
വീടുപൂക്കും
കാവുപൂക്കും
തെയ്യക്കോലം
വിടർന്നു നിറഞ്ഞാടും
കുംഭം നിറയ്ക്കും
ചൂടു തോൽക്കും
ഇരുട്ടു പരന്നാൽ
വെളിച്ചപ്പാടു നിറയും
കാളിയും കരിങ്കാളിയും
കുളിയനും കുട്ടിച്ചാത്തനും
വെളിച്ചത്ത് വരും
മനസ്സുപൂക്കും
ഗ്രാമദേവത
ചൂട്ടു തെളിയിക്കും
നന്മയും സ്നേഹവും
മുന്നിൽ നടക്കും
ഞങ്ങളതിൻ
വിരലുപിടിച്ചു പിന്നിലും.പിന്നെയെന്നോ
ഗ്രാമമകന്നു പോകവേ
അറിയാതെ
വിശുദ്ധ നരകത്തിലേക്കുള്ള വഴി
നടന്നു
ആൾ ദൈവങ്ങൾ
ആരെന്നുപൊലുമറിയാൻ
സമയമില്ലാതെ


ആഗ്രഹം


 ആഗ്രഹം


നമുക്കും വീടുണ്ടാക്കണം,
പൂക്കൾകൊണ്ട്.
എന്നിട്ട്
മകരന്ദമായതിലിരിക്കണം
യുദ്ധവും വർഗ്ഗീയതയും
കൊത്തിത്തിന്ന പൂമ്പാറ്റകളെ
തിരിച്ചു വിളിക്കണം

ഭൂകമ്പം


- ഭൂകമ്പം-


പാതിരാവായി
ഫ്ലാറ്റിൻ ജാലകമിളകി,
യെൻ നെഞ്ചുകിടുങ്ങി

കുഞ്ഞു ഞെട്ടിയുണർന്നു
അവളതിനെയെടുക്കവേ
ചുമരുകീറി കാറ്റവളെത്തൊട്ടു

ഭൂചലനമല്ലിതു കുഞ്ഞേ ,
നമ്മുടെ ഫ്ലാറ്റിന്നടിയിൽ കിടക്കും
വയൽ മുത്തശ്ശൻ പഴയൊരു
ഞാട്ടിപ്പാട്ടിന്നോർമ്മയിൽ
തലയൊന്നിളക്കിയതാണ്

ഫ്ലാറ്റു വിട്ടെല്ലാരുമോടി മുറ്റത്തു-
കിടക്കവെ കേൾക്കയായ് 
ചെളിയിളകുമ്പോലൊരനക്കം

കാതോർത്തു പലവട്ടം, 
 കേട്ടൂ
നാമന്നിസ്ക്കൂളിലേക്കോടിപ്പോയനേരം
വരമ്പുകരഞ്ഞതു വീണ്ടും.

വിജയം കാണുക


 .......വിജയം കാണുക.........


യുദ്ധത്തിൽ വിജയമുണ്ടാകാം 
പക്ഷേ
വിജയശ്രീയുണ്ടാവില്ല
വിലാപങ്ങളുടെ കുന്തമുനയിൽ
വിജയം കീറിപ്പോയ ചരിത്രം
യുദ്ധഭൂമിയിൽ
പനിച്ചു കിടക്കും

യുധിഷ്ഠിരൻ ധർമ്മം
പുതച്ചു കൊടുത്തിട്ടും
കൃഷ്ണൻ ഗീത മരുന്നായ് നൽകിയിട്ടും
കുരുക്ഷേത്രത്തിലെ പനി
ഇന്നോളം മാറിയിട്ടില്ല

അമ്പും ബോംബും കൊണ്ടുവരുന്ന
വിജയത്തിലൊരു നിത്യ മുറിവുണ്ടാകും
ആമുറിവിൽ കിടന്നാണ്
അമ്മയുമഭയാർത്ഥികളും
വിജയം കാണുക

യുദ്ധത്തിൽ വിജയമുണ്ടാകാം 
പക്ഷേ
വിജയശ്രീയുണ്ടാവില്ല