വിശന്നു മരിച്ച കുട്ടിയുടെ
ഫോട്ടോയെടുത്തു
ഫോട്ടോഗ്രാഫറും പകലും
പടിഞ്ഞാറേക്ക് നടന്നു പോയി
അയാൾ
എത്തിച്ചേർന്ന ആഗ്രഹത്തിൽ വെച്ച്
അസ്വസ്ഥതകളെ കഴുകിക്കളയാൻ
തുടങ്ങവേ
ഈ രാത്രിയെ എന്തു ചെയ്യുമെന്നറിയാതെ
പിടഞ്ഞു ;
വിരിപ്പിൽ അയാൾ
മലർന്നു കിടക്കുന്ന ഒരു വണ്ട്.
പുലരുന്നതിനു തൊട്ടുമുമ്പ്
ഒന്നു മയങ്ങിയപ്പോൾ
ആ കുട്ടിയുടെ അമ്മ
എല്ലാ വാരിയെല്ലുകളും ഉയർത്തിപ്പിടിച്ച്
അയാൾക്കു മുന്നിൽ വന്നു നിന്നു
ഉപ്പ് മുളക് അരി
അപ്പം എന്നൊന്നും പറയാതെ
അമ്മ കൈ നീട്ടി
അയാൾ തന്റെ ഹൃദയം
ആതിൽ വെച്ചു കൊടുത്തു
അവർ കരഞ്ഞു
അയാൾ തന്റെ ക്യാമറ വെച്ചു കൊടുത്തു
അവർ കരഞ്ഞു
അയാൾ താൻ പാഴാക്കിക്കളഞ്ഞ
ഭക്ഷണ പദാർത്ഥമെല്ലാം വെച്ചു കൊടുത്തു
അവർ കരഞ്ഞു
ഇപ്പോൾ
ഈ രാത്രി
പ്രളയത്തിൽ അയാൾ
ആ കുട്ടിയുടെ ഫോട്ടോ ഉയർത്തിപ്പിടിച്ച്
നിൽക്കുന്നു
അമ്മ കരയുന്നു
ഓരോ കണ്ണീർത്തുള്ളിയും
അയാളെ ചുറ്റുന്നു.