കാനറിപ്പക്ഷികളെന്നു വിളിക്കരുത്

കാനറിപ്പക്ഷികളെന്നു വിളിക്കരുത്
.....................................................................
കാലിൽ ചിറകുകളുള്ളവരെ
കാനറിപ്പക്ഷികളെന്നു വിളിക്കരുത്
പച്ച നിറമുള്ള ആകാശത്തിലൂടെ
അവർ
ഒരു സ്വപ്നവും കൊണ്ടു പറക്കുമ്പോൾ
അവരുടെ നിറം
മഞ്ഞയോ നീലയോ ആവട്ടെ
അവർ പറക്കുമ്പോൾ
ചുറ്റും ജീവനുള്ള മരങ്ങൾ
വളരുന്നു
അവരുടെ ചിറകടികളിൽ
മരങ്ങൾ ആടിയുലയുന്നു
ചതുരത്തിൽ ഇടതൂർന്ന കാട്ടിൽ
ഓരോ മരവും
അവരുടെ മുന്നേറ്റത്തിൽ
ആരവമായിത്തളിർക്കുന്നു.
ആവേശത്തിന്റെ മേഘങ്ങളിൽ നിന്നും
മഴത്തുള്ളികൾ പൊഴിയുന്നു
അതിനു രണ്ടു നിറങ്ങൾ
ശബ്ദത്തിന്റേയും നിശ്ശബ്ദതയുടേയും
കയറ്റിറങ്ങളിൽ
മഴ ഒരു സംഗീത തരംഗമാകുന്നു
അവർ മുന്നേറുന്നു
മുന്നേറുന്നു
- മുനീർ അഗ്രഗാമി

കാലുകൊണ്ട് ഒരു സ്വപ്നത്തെ മൂന്നായി കീറിയെറിയുന്ന വിധം

ക്രൊയേഷ്യയാണ് കളി
അവർ
കാലുകൊണ്ട്
ഒരു സ്വപ്നത്തെ മൂന്നായി
കീറിയെറിയുന്ന വിധം
നന്നായി കാണിച്ചു
വെറുമൊരു മനുഷ്യനായൊരെന്നെ
വലിയ കാണിയാക്കുവാൻ
കളിക്കളം നിറഞ്ഞുതൂവുമ്പോലെ
ക്രൊയേഷ്യ കളിക്കുമ്പോൾ
ഗ്രൗണ്ട് പച്ചക്കടൽ.
അർജന്റീന
അവരിൽ മുങ്ങിപ്പോകുന്ന
പഴയ പായ്ക്കപ്പൽ
കപ്പൽച്ചേതം വന്ന്
ചിതറിപ്പോയ യാത്രികരെ പോലെ
കടലിൽ അർജന്റീന ചിതറിത്തെറിക്കുന്നു
നീന്തുവാൻ മറന്ന്
മുങ്ങിത്താഴ്ന്നും പൊങ്ങിയും
പിടയുന്നു
പാതിജീവനുമായ്
നിന്തുന്ന കപ്പിത്താനെയോർത്ത്
അവർ അന്നേരം കരഞ്ഞിരിക്കണം
കാലുകൾ കൊണ്ട് തുഴഞ്ഞു പോകുന്ന
ഒരു യാനം
കാലുകളെ ഉപേക്ഷിച്ച്
ആഴത്തിലേക്കു പോകുമ്പോലെ
അർജ്ജന്റീന ആഴ്ന്നു പോകുന്നു
കടലിൽ കാറ്റുകളെ
അതിജീവിച്ച് ക്രൊയേഷ്യ മുന്നേറുന്നു
കാണിയുടെ ഭാഷയിൽ
കോർട്ടർ ഫൈനൽ
കൊടുങ്കാറ്റിന്റെ പര്യായം തന്നെ
തീരത്തനേകം ഫ്ലക്സുകളുണ്ട്
അവയിൽ ഒന്നിൽപോലും
ക്രൊയേഷ്യയില്ല
പക്ഷേ അവയിൽ
നിറഞ്ഞിരിക്കുന്ന അർജ്ജന്റീനയെ
അവർ വെറും പുരാവൃത്തമാക്കി
മാറ്റിയിരിക്കുന്നു
മെസ്സി ഐതിഹ്യങ്ങളിലെ നായകനാകുന്നു
പച്ചക്കടലിലെ
നീലത്തിരകളെ അവർ
തുടച്ചു കളഞ്ഞിരിക്കുന്നു
കറുത്ത തിരകൾ പ്രതീക്ഷകളായി
ഗാലറിയുടെ മനുഷ്യ മണൽപ്പരപ്പിലേക്ക്
അടിച്ചു കൊണ്ടിരുന്നു
സുനാമി പോലെ
മൂന്നു വട്ടം
അർജന്റീനയുടെ
ഗോൾ പോസ്റ്റിലേക്കും .
വിരലുകടിച്ച്
ഞാനത് നോക്കി നിന്നു പോയി
സത്യമായും
നോക്കി നിന്നു പോയി
(അർജന്റീന - ക്രൊയേഷ്യ മത്സരം കാണുമ്പോൾ, 2018  )
- മുനീർ അഗ്രഗാമി
നിപ്പ 
.................
തുറക്കുകയാണിന്നേ,തോ
ഭീതിയാലടച്ച കണ്ണുകൾ
അറിവിൻ വെളിച്ചമേ
പത്തുമണിപ്പൂവായ് 
വിടർന്നാലും
സ്കൂളിൻ മുറ്റത്തു നിൽക്കണേ
ഇടയ്ക്കൊന്നു നോക്കി
 ചിരിക്കണേ!
- മുനീർ അഗ്രഗാമി
ആരാണ് ഏറ്റവും വലിയ കവി ?
മകൾ ചോദിച്ചു
മകനങ്ങനെ ചോദിക്കില്ല
അവന് ചോദ്യങ്ങളില്ല
സ്വന്തക്കാരും കൂട്ടുകാരുമടങ്ങിയ
ഉത്തരങ്ങൾ മാത്രം.
അവനിലാണ് കേരളം
അതുകൊണ്ട് ലോകം കാണാൻ
മകളെ കൂട്ടി നടന്നു
വഴിക്കു വെച്ച്
ഒരുറുമ്പിന്റെ വരി വായിച്ചു
ചിതലുകളുടെ കുത്തനെയുള്ള
എഴുത്തു കണ്ടു
കണ്ടൽക്കാടുകളുടെ
ഖണ്ഡികകൾ കണ്ടു
മഞ്ഞിന്റെയും മഴയുടെയും
വലിയ പുസ്തകങ്ങൾ കണ്ടു
മരച്ചുവട്ടിൽ
വിലാപകാവ്യത്തിലെ വാക്കുകൾ
വീണു കിടക്കുന്നു
വസന്തത്തെ വായിച്ച്
മടക്കി വെച്ചിരിക്കുന്ന ചെടികൾ
വീണ്ടും തുറക്കുന്നതും കാത്ത്
ഞങ്ങൾ പാർക്കിലിരുന്നു.
ഇനിയും നടക്കാനുണ്ട്
ആയുസ്സിന്റെ വെളിച്ചം തീരുവോളം
ദൂരത്തിന്റെ കവിത വായിക്കാം
മരീചിക പോലെ
അതിന്റെ അർത്ഥം വിദൂരതയിൽ നിന്നും
വിളിച്ചുകൊണ്ടിരുന്നു
അച്ഛാ ഞാൻ ചെറുതാവുന്നു
എനിക്ക് വീണ്ടും ചെറുതാവണം
മകൾ പറഞ്ഞു
ഒരു പൂമ്പാറ്റയുടെ ചിറകിലെ
ചിത്ര പുസ്തകം വായിച്ച്
ആസ്വദിക്കാവുന്നത്രയും ചെറുതാവണം
മകളേ നടക്കുക
ചെറുതാവുന്ന അത്രയും നടക്കുക
ലോകത്തിന്റെ ഗദ്യ താളത്തിൽ
വരികളിലൂടെ
വായനക്കാരിയായി
നടക്കുക
അവളുടെ ചോദ്യമിപ്പോൾ
ബാഷ്പീകരിച്ചു പോയ
നേർത്ത നനവാണ്
മഴവില്ല് അതിന്റെ ഉത്തരവും
മകനിപ്പോൾ
സ്വന്തം ഉത്തരങ്ങളുമായി
ലിംഗത്തിനു ചുറ്റും കറങ്ങുകയാവും
ചില വാക്കുകളുടേയും
പ്രയോഗങ്ങളുടേയും
കുതിരപ്പുറത്ത് .
മകളുടെ ചോദ്യത്തെ ഉപേക്ഷിച്ച്
ഞാനും മകളും വീണ്ടും നടന്നു.
- മുനീർ അഗ്രഗാമി

പീലിക്കണ്ണുകൾ

പീലിക്കണ്ണുകൾ
.........................................
നീലപ്പീലികൾ വിടർത്തി
മഴയാടുമാകാശത്തിൽ
തുളുമ്പും പീലിക്കണ്ണുകൾ
മണ്ണിലതിൻ ചുവടുകൾ
- മുനീർ അഗ്രഗാമി

എന്റെ നഗരം


എന്റെ  നഗരം 
...........................................
എന്റെ നഗരമിപ്പോൾ
ഒറ്റപ്പെട്ട ഒരാളെ പോലെ
കടപ്പുറത്ത് നിൽക്കുകയാണ്
ഹൃദയത്തിലെ
ആളൊഴിഞ്ഞ ഇടങ്ങൾ
അതിനെ വേദനിപ്പിക്കുന്നുണ്ട്
കാറ്റാടിമരം പോലും
അതിനോടു മിണ്ടുന്നില്ല
ഒരു മഴ
അല്പനേരം നെഞ്ചിലൂടെ നടന്ന്
എവിടെയോ മറഞ്ഞു പോയി
എന്റെ നഗരത്തെ ചിലപ്പോൾ
വലിയ തിരകൾ ചുംബച്ചേക്കും,
ഇത്രയധികം ഒറ്റപ്പെടുമ്പോൾ.
- മുനീർ അഗ്രഗാമി

എക്സ് ഫെമിനിസ്റ്റ്


എക്സ് ഫെമിനിസ്റ്റ് 
........................................
പ്രണയത്തിൽ 
ദേഷ്യം പിടിക്കുമ്പോൾ
നീയൊരു കാട്
വന്യതയുടെ ഇളക്കങ്ങൾ
പതുങ്ങുന്ന നിഗൂഢത
നിന്റെ കണ്ണുകളിൽ
ഇപ്പോഴും
രാജാവ് സിംഹം തന്നെ
ഞാനൊരു പേടമാനും
- മുനീർ അഗ്രഗാമി

ഇരുട്ടിൽ

ഇരുട്ടിൽ
..................
പുഴ കടക്കുന്ന കാറ്റ്
ഇരുട്ടിൽ തട്ടി വീണു;
മരിച്ചു.
ഇലകളിപ്പോൾ
നിശ്ചലമായതു
നോക്കി നിൽക്കുന്നു.
- മുനീർ അഗ്രഗാമി


ഉറുമ്പ്
........

ജീവന്റെ തുള്ളിപോൽ
പുൽക്കൊടിത്തുമ്പിലൊരുറുമ്പ്
കാറ്റിനോടേറ്റുമുട്ടുന്നു
-മുനീർ അഗ്രഗാമി

മീൻ

മീൻ
........
കടലിൽ നീന്തുമ്പോൾ
പറക്കുന്നു ഞാൻ ,ഹാ!
കടൽ ആകാശം;മീനുകളിലകൾ
-മുനീർ അഗ്രഗാമി

പ്രണയ ദ്വീപ്

പ്രണയ ദ്വീപ്
........
നീ എന്നെ ചുറ്റുന്ന കടൽ
നിന്റെ തിരകൾ നോക്കിനിൽക്കെ
എന്നിലൊരു പൂ വിരിയുന്നു.

-മുനീർ അഗ്രഗാമി 

ഹൈക്കു കവിത

ഹൈക്കു കവിത 
............................
ഇലവീഴുമൊച്ചയിൽ
രാവതിന്റെ
നിശ്ശബ്ദതയഴിച്ചു വെക്കുന്നു

-മുനീർ അഗ്രഗാമി 

കറുപ്പ്

കറുപ്പ്

(കംപാല, ഉഗാണ്ട, 2016)
.......................................................
കറുപ്പ്
രാത്രിയല്ല
ഉടലിൽ പിറക്കുന്ന
പകൽ തന്നെ.
ദൈവത്തിന്റേയും
മനുഷ്യന്റേയും നിറം
ചിലർ
പിശാചു തന്നെ ;
അവരുടെ
നോട്ടം കാണുമ്പോൾ.
- മുനീർ അഗ്രഗാമി
ചേമ്പർ
-----------
(ഓസ് വിച്ച് , ജർമ്മനി ,1943)
നടന്നു തീർന്നതല്ല ആരും
എല്ലാവരും ഇവിടെയെത്തപ്പെട്ടു.
സ്വന്തമായിരുന്നവ
എവിടെ എന്നത്
വെറും ചോദ്യം മാത്രം.
ഒരു പുഞ്ചിരിയും ഇവിടെയെത്തിയില്ല
ഭരണാധികാരിക്ക്
വേണ്ടത്ര വെളിച്ചമുണ്ടായിരുന്നു
പക്ഷേ
അദ്ദേഹം അത് ഞങ്ങളെ കാണിച്ചില്ല
റോസാപ്പൂക്കൾ പോലും
രക്തത്തെ ഓർമ്മിപ്പിക്കുന്നു
ഇപ്പോൾ ഞങ്ങൾക്ക് രാജ്യം
വായു കയറാത്ത ഒരു ചേമ്പറാണ്.
- മുനീർ അഗ്രഗാമി

കളിപ്പാട്ടങ്ങൾ

കളിപ്പാട്ടങ്ങൾ
...............................
അദ്ദേഹം ആരെയും
തേടി വരില്ല
പക്ഷേ അവർ വരും
അദ്ദേഹത്തിന്റെ കളിപ്പാട്ടങ്ങൾ.
ഒരു തെളിവു പോലുമവശേഷിപ്പിക്കാതെ
നമ്മുടെ രാത്രിയെ അവർ കൊണ്ടു പോകും 
൧൯൪൨ ൽ  ഓസ്‌വിച്ചിൽ വെച്ച് 
ആറു വയസ്സുകാരി ഇങ്ങനെ പറഞ്ഞു .

- മുനീർ അഗ്രഗാമി

സഖ്യ

മെറ്റലും മണലും
സമ്മേളിക്കുന്നത് ഞാൻ കണ്ടു
അവയ്ക്ക് വ്യക്തിത്വമുണ്ടായിരുന്നു
സിമൻറും ജലവുമായി
അവ സഖ്യമുണ്ടാക്കുന്നതു
ഞാൻ കണ്ടു
ഇനിയവയ്ക്ക് വേർതിരിഞ്ഞു നിൽക്കുക
സാദ്ധ്യമല്ല
നല്ല ഉറപ്പുള്ള സഖ്യമാണെന്ന്
എനിക്കറിയാം
ചില ഉറപ്പുകൾ
എത്ര സ്വത്വങ്ങളെയാണ്
ഇല്ലാതാക്കുന്നത്
ക്വോറിയിൽ നിന്ന്
മുമ്പെങ്ങോ വേർപിരിഞ്ഞ ഒരു പാറക്കഷണം
അതിന്റെ ഉറ്റവരെ തിരഞ്ഞു വന്നാൽ
എന്നോടു ചോദിച്ചാൽ
ഞാനെന്തു പറയും !
ഒരു പാറയും
തിരഞ്ഞു വരില്ലെന്നെനിക്കറിയാം
മാർക് സോ നെഹ്റുവോ
പ്രവാചകരോ
തിരിച്ചു വരാത്ത പോലെ.
- മുനീർ അഗ്രഗാമി
അമ്മവീട്
.................
നാലുവരിപ്പാത മുറിച്ചുകടന്ന്
അമ്മവീട്ടിലേക്ക്
നിനക്കൊപ്പം നടന്നു
ഓരോ ചുവടിലും
താരാട്ടിന്റെ ഓരോ പദങ്ങൾ
പിടഞ്ഞുണർന്ന്
മോനേ മോനേയെന്നു
വിളിക്കുന്ന പോലെ
ഒരു കാറ്റ് ഒപ്പം വന്നു
ഞാറുകളുടെ വിരിപ്പിൽ
ഇളം വെയിലിനെ,
തൊണ്ണു കാട്ടിച്ചിരിക്കുന്ന
കുഞ്ഞിനെയെന്നപോലെ
തിരിച്ചു കിടത്തുന്നു
നാലുമണി
സമയത്തിന്റെ വിരലുകൾ
പുറത്തു തലോടുമ്പോൾ,
ഇലഞ്ഞിപ്പൂമണം നടന്നുപോകുന്ന
വരമ്പിന്റെ
ഒരറ്റത്ത് അമ്മ,
തിമിരം ബാധിച്ച നോട്ടത്തിന്റെ
വരാന്തയിൽ
ഏതോ ഓർമ്മ ചാരിയിരിക്കുന്ന പോലെ
നടക്കല്ലുകൾ കയറിച്ചെല്ലുമ്പോൾ
കയറ്റം നിന്നെ പിടിച്ചു വെച്ചു
നിന്റെ കാലിടറി
മുമ്പൊന്നുമില്ലാത്ത വിധം
എന്റെ വിരലുകൾ
നിനക്ക് താങ്ങായി
നീയൊരു മുല്ലവള്ളിയായി
മുറ്റവരമ്പിൽ
എന്നെ ചുറ്റി നിന്നു.
വീടിന്റെ ശ്വാസമായി
അമ്മ പുറത്തേക്കു വന്നു
അകത്തേക്കുപോയി
പുറത്തേക്കു വന്നു
വീടിന് നെഞ്ചിടിപ്പേറി
ഞാവൽ മരത്തിൽ നിന്നും
കുഞ്ഞു ഞാവലുകൾ
കണ്ണുതുറന്നു നോക്കുന്നു
മുരിങ്ങയുടെ തളിരിലകൾ
നിഴലുകളിലിരുന്ന്
കൊത്തംകല്ല് കളിക്കുന്നു
ഇടിയും മിന്നലുമുണ്ടായി
പെട്ടെന്നൊരു വേനൽമഴ
മുറ്റത്തു നിന്നു കരഞ്ഞു
നീയും ഞാനും നനഞ്ഞു
വീടു നനഞ്ഞു
സമയം നനഞ്ഞു
നനവിലൂടെ രാത്രി മെല്ലെ
വീട്ടിൽക്കയറി വാതിലടച്ചു.
നക്ഷത്രങ്ങൾ ഉദിക്കും മുമ്പ്
ഇരുട്ട് നമ്മെ തോർത്തിക്കൊണ്ടിരുന്നു
- മുനീർ അഗ്രഗാമി

ഉയിർപ്പ്.


ഉയിർപ്പ്
...............
എവിടെ നിന്നൊക്കെയാണ്
ഞാനുയിർത്തെഴുന്നേറ്റതെന്ന്
നിനക്കറിയില്ല
മറ്റാർക്കുമറിയാത്ത
നിഗൂഢമായ
ആ മുറിവുകളിൽ നിന്നും
ഇപ്പോഴും അദൃശ്യമായി
രക്തമൊഴുകുന്നുണ്ട്
എന്നിട്ടും
നിന്നിലേക്കുള്ള വഴിയെ
കരിശു ചുമന്ന്
ഞാൻ വന്നു
നിന്റെ കയ്യിലുള്ള
എല്ലാ ആണികളെ കുറിച്ചും
നല്ല ബോധ്യമുണ്ടായിരുന്നു
പക്ഷേ
നിന്നെ സ്നേഹിക്കാൻ
മറ്റാരുമുണ്ടായിരുന്നില്ലല്ലോ
നിന്റെ വയലുകളിൽ
ഓർമ്മയുടെ വിത്തിടാൻ
ആരുമിറങ്ങിയിരുന്നില്ലല്ലോ
ഒരിക്കൽ
നാലാമത്തെ ആണി കൊണ്ട്
നീയെന്നെ ചുംബിക്കും
എന്നെനിക്കറിയാം
അപ്പോഴും
നിന്നെ സ്നേഹിക്കുവാൻ
ഞാനുയിർക്കും
നിനക്ക് ആണികൾ
മതിയാവാത്ത ഒരു കാലം വരും
അന്ന്
വാക്കുകളും വിരലുകളും
ചുണ്ടുകളും
എന്നിൽ തറയ്ക്കും
അന്നേരം മുറിവുകളിലൂടെ
നീ മാത്രമൊഴുകും
-മുനീർ അഗ്രഗാമി