നാടുവിട്ടിട്ട്
നാളേറെയായെങ്കിലും
നാളുതോറും
നാടുതന്നെയുള്ളിലും
നാക്കിലും
നാട്ടുരുചിയുടെയോർമ്മയിൽ
നാമുണരുന്നു
നാട്ടുപഴമയുടെ ജലം കുടിച്ച്
നാം വളരുന്നു
നാട്ടിലെയോർമ്മകൾ തിന്നു -
നാമുറക്കം
വെടിയുന്നു
നാടുകൾ പലതും
നമ്മെ ചേർത്തൂ പിടിക്കിലും
നാമറിയുന്ന
മണമൊന്നിനുമില്ല
നമ്മെനാമാക്കിയ
നാട്ടുവെളിച്ചവുമവയ്ക്കില്ല
നാളെ
തിരിച്ചെത്തിയാൽ
നാട്ടുകാർ നമ്മെ തിരിച്ചറിഞ്ഞില്ലെങ്കിലും
നാട്
നമ്മെ
കൈവിടില്ലെന്നൊരു
നനുത്ത പ്രതീക്ഷ മാത്രം
നമുക്കു പ്രവാസം തരുന്നു