ഒരാൾ എനിക്കൊപ്പം

വായന കഴിഞ്ഞ്
മടക്കി വെച്ച പുസ്തകത്തിൽ നിന്നും
ഒരാൾ എനിക്കൊപ്പം വന്നു
അയാൾ തിരിച്ചു പോയിട്ടുണ്ടാവാം
അതു ഞാനറിഞ്ഞിട്ടില്ല
അയാൾ
ഉള്ളിലെവിടെയോ
ഉള്ള പോലെ
ഒരു കനം
അയാൾ
എന്നെ വായിക്കുന്ന പോലെ
ഒരു തോന്നൽ
ആ പുസ്തകം ഒന്നുകൂടി വായിക്കണം
അയാൾക്കൊപ്പം
ഒന്നുകൂടി നടക്കണം
എന്നെ എപ്പോൾ
മടക്കി വെക്കും
എന്നു ചോദിക്കണം.
-മുനീർ അഗ്രഗാമി
ഷെമീർ പട്ടരുമഠം, V V Jose Kallada and 47 others
7 comments
Like
Comment
Share

കുഞ്ഞ്

 കുഞ്ഞ്

.........
അവൾ കുഞ്ഞിന്
ചോറു കൊടുക്കുന്നു
കുഞ്ഞു ചിരിക്കുന്നു
കുഞ്ഞിന്റെ ചിരിയോ
സമയത്തിന്റെ പൂവ്.
ചോറിൽ അവൾ
സ്നേഹം ചേർക്കുമ്പോൾ
മാമ് എന്ന വാക്കുണ്ടാവുന്നു
കുഞ്ഞതു
വാക്കുകൾക്കും മുമ്പുള്ള
മറ്റൊരു ശബ്ദം ചേർത്ത്
സ്വീകരിക്കുന്നു
കുഞ്ഞിന്റെ ശബ്ദങ്ങൾ
മ്മ എന്ന് മുട്ടിട്ടിഴയുകയും
മെല്ലെ എഴുന്നേറ്റ്
അമ്മ എന്ന ശബ്ദമായ്
പിടിക്കാതെ നിൽക്കുന്നു
അവൾ കുഞ്ഞിന്
ചോറിനൊപ്പം
കഥകൾ കൂട്ടി കൊടുക്കുന്നു
അവൾ ഇരിക്കുന്ന
കസേരയ്ക്ക് മുന്നിൽ മേശ,
മേശപ്പുറത്ത്
പാത്രത്തിൽ ചോറ് ,ഗ്ലാസ്
പത്രം
ഇടയ്ക്ക് അവൾ പത്രത്തിലേക്ക് നോക്കുന്നു
ഒന്നാം പേജിലെ വാർത്തകൾ
അവളിലേക്ക്
നടന്നു തുടങ്ങുന്നു
കുഞ്ഞ് വാ തുറക്കുന്നു
അടുത്ത ഉരുളയിൽ
അശുഭകരമായ
വാർത്തകൾ കലർന്നു പോകുമോ
എന്ന പേടിയിൽ
അവൾ പത്രം മാറ്റിവെക്കുന്നു.
- മുനീർ അഗ്രഗാമി

മഴ പിണങ്ങിപ്പോയ രാത്രിയിൽ

 മഴ പിണങ്ങിപ്പോയ രാത്രിയിൽ

ഓർമ്മകൾ പിഴിഞ്ഞ്
കുടിക്കുന്നു, യക്ഷൻ
മറ്റൊന്നുമില്ല
പാനപാത്രത്തിൽ
ഓർമ്മയുടെ രക്തമല്ലാതെ .
വർണ്ണാന്ധത ബാധിച്ച്
ഇരുട്ട് ചുരുട്ടിയെടുത്ത് വലിക്കുന്നു
മറ്റൊന്നുമില്ല
പടയോട്ടം നടത്തുന്ന
വിങ്ങലല്ലാതെ .
ഓരോ നിമിഷവും
ഓരോ കഴുതകളാകുന്നു
അവയെന്നെ വഹിച്ച്
ഈ സമയം കടക്കുന്നു .
- മുനീർ അഗ്രഗാമി

തീവണ്ടികൾ

 തീവണ്ടികൾ

....................
രണ്ടു തീവണ്ടികൾ
പരസ്പരം നോക്കാതെ
പാഞ്ഞു പോയി
രണ്ടിലും
പേരിൽ മാത്രമേ
തീയുണ്ടായിരുന്നുള്ളൂ
ഉപേക്ഷിച്ച തീ
അതിനുള്ളിലെ
ആരിലുമില്ലേ?
നിരീക്ഷകൻ ചോദിക്കുന്നു
കനൽ കൊണ്ടു പോകുന്നത്
കുറ്റകരമാണ്
അതുകൊണ്ടാവും
കുറേ കുട്ടികൾ
മൊബൈലിന്റെ
വെളിച്ചം പിടിച്ചിരിക്കുന്നത്.
- മുനീർ അഗ്രഗാമി

കടക്കൽ

 കടക്കൽ

................
തീവണ്ടി
പുഴ മുറിച്ചു കടക്കുമ്പോലെ
ഒരാൾ എന്നെ കടന്നു പോയി
സ്പർശിച്ചില്ല
പക്ഷേ
ചുളിഞ്ഞ പേപ്പർ ഗ്ലാസുപോലെ
പ്ലാസ്റ്റിക് കവർ പോലെ
ചിലതെല്ലാം ഉപേക്ഷിച്ച് .
- മുനീർ അഗ്രഗാമി

തുള്ളി

 തുള്ളി

..........
ഒരു തുള്ളിയോട് ചോദിച്ചു ,
അതിന്റെ യാത്രകൾ
കടലിൽ നിന്നോ
വയലിൽ നിന്നോ
ഉടലിൽ നിന്നോ
ഉയരെ നിന്നോ തുടക്കം ?
അതു പറഞ്ഞു :
കണ്ണിൽ നിന്നും
നൂറ്റാണ്ടുകൾക്ക് മുമ്പ്
ഒരു ദ്രാവിഡ രാജാവിന്റെ
പ്രണയത്തിന്റെ
ഉടലിൽ നിന്ന്.
അവളുടെ കണ്ണിൽ നിന്നും
അദ്ദേഹത്തിന്റെ പ്രതിബിംബം
അകന്നു പോയ അന്ന്.
അന്നു കൂടെയിറങ്ങിയ
മറ്റു തുള്ളികൾ ?
അവർ എവിടെയോ ഉണ്ട്
എന്നെ തിരഞ്ഞ്
ഏതോമഴകളിൽ...
അടുത്തടുത്ത് തൊടാനാവാതെ
നോക്കി നിൽക്കുന്ന
പുൽക്കൊടികളിൽ എത്തുന്ന അന്ന്
രണ്ടു പേരും
തമ്മിൽ നോക്കിയിരിക്കും
വീഴുവോളം ചിരിക്കും
തുള്ളി
മുറ്റത്ത്
വീണു ചിതറുകയും
പല വഴികളിലൂടെ
പോകുകയും ചെയ്തു
അതൊരു വലിയ മഴയായിരുന്നു
മറ്റു തുള്ളികളൊക്കെ
ആരോടാവും
അവയുടെ യാത്രകൾ പറയുക!
ഒന്നിനെത്തന്നെ
കേട്ടു തീരാതെ
മഴ തോർന്നിട്ടും
മരം പെയ്യും പോലെ ഞാൻ.
- മുനീർ അഗ്രഗാമി

ഓരോ മഴയും ഓരോ ജീവിയാണ്

 ഓരോ മഴയും

ഓരോ ജീവിയാണ്
തൊടിയിൽ
പശുക്കിടാവായ് കളിക്കും
കാട്ടിൽ
ആനയെ പോലെ കറുക്കും
പുരപ്പുറത്ത്
കുറുഞ്ഞിപ്പൂച്ചയായ് നടക്കും
നിറഞ്ഞ വയലിൽ
മീൻ കുഞ്ഞുങ്ങളായ് പിടയ്ക്കും
എകാന്തതയിലൊരാൾക്ക്
കുഞ്ഞിക്കിളിയാവും
ജനലിൽ വന്നതു കൊത്തും
തുറക്കുമ്പോൾ
അകത്തു കയറും
ആത്മാവിന്റെ
തേൻ കുടിക്കും
മഴ നനഞ്ഞവർക്കതറിയാം
ഞാൻ നനഞ്ഞ മഴയിൽ
നീയായിരുന്നു മഴ
മഴ നനഞ്ഞ നിന്നിൽ
ഞാനായിരുന്നു മഴ
ഓരോ മഴയും
ശ്വസിക്കുന്നുണ്ട്
കാതോർക്കൂ
- മുനീർ അഗ്രഗാമി

നിർവൃതി

 സ്വന്തം ഉടൽ കൊണ്ട്

ഒരാൾ മഴയിലെഴുതുന്ന
കവിതയാണ് നിർവൃതി
- മുനീർ അഗ്രഗാമി

ഒരു പൂവൻകോഴിയെ നോക്കി നിൽക്കുന്നു

 ഒന്നും ആവിഷ്കരിക്കുന്നില്ല

വെറുതെ
ഒരു പൂവൻകോഴിയെ നോക്കി നിൽക്കുന്നു.
അതിന്റെ പൂവുള്ള
ഒരു ചെടിയാണത്
അതിന്റെ വേരുള്ള
കാലുള്ള
കാലിൽ വേരുകളുള്ള
ഒരു ചെടി
ചിക്കിച്ചിക്കി
മണ്ണിൽ അതിന്റെ ആധിപത്യം
അതുറപ്പിക്കുന്നതു നോക്കി നിൽക്കുന്നു
വേറെ ഒന്നും ആഷ്കരിക്കുന്നില്ല
വെറുതെ അതിനെ നോക്കി നിൽക്കുന്നു
ആവിഷ്കാരസ്വാതന്ത്ര്യം
അത് കൊത്തിവിഴുങ്ങിയത്
അൽപം മുമ്പാണ്
അന്നേരം
അതിന്റെ അങ്കവാൽ നോക്കി
കൗതുകംപൂണ്ടു
പുരോഗതി എന്ന് പേരിട്ട്
കുട്ടിയുണ്ടാക്കിയ ചീട്ടുകൊട്ടാരം
അത്
തിന്നാൻ തുടങ്ങുന്നു
കൊടിയിലെ നിറം
അതു തിന്നു കഴിഞ്ഞു
ഒന്നും ആവിഷ്കരിക്കുന്നില്ല
പൂവൻകോഴി തിന്നുകഴിഞ്ഞവയുടെ വില
അറിയുന്നവർ ആരെങ്കിലും
ഉണ്ടോ എന്ന്
വെറുതെ നോക്കി അന്വേഷിക്കുന്നു
അതിന്റെ അങ്കവാലിൽ നിന്നും
ഒരു തൂവൽ പൊഴിഞ്ഞു
രാജാവ് അതെടുത്ത്
മഷിയിൽ മുക്കി
ഉത്തരവിൽ ഒപ്പുവെച്ചു
അതു കണ്ടു നിൽക്കുന്നു
നിസ്സഹായത എന്നെ പിടിച്ച്
വീഴാതെ നിൽക്കുന്നു.
അതിന്റെ കീശയിൽ
അലക്കിപ്പോയ നോട്ടു പോലെ
വിപ്ലവം ചുരുണ്ടു കിടക്കുന്നു
- മുനീർ അഗ്രഗാമി

മഴജ്വാല

 മഴജ്വാല

..............
മഴത്തീയിലാളുന്നു
തളിരിലകൾ
കത്തലിൻ തണുപ്പുകായുന്നു
കാക്കകൾ
വയലിൽ തളം കെട്ടിയ ചൂടിൽ
കരിഞ്ഞു കരയുന്നു
ഞാറുകൾ
കത്തിപ്പടരുന്നു
കാറ്റിലെമ്പാടും
മഴ ജ്വാലകൾ...
ഇക്കനൽ ചവിട്ടി
അക്കരെപ്പോവുക വയ്യ
ആണ്ടു പോകും
ഞാനും നീയും
കൈകോർത്തു നടന്നാലും
തണുത്ത ലാവ
നാക്കു നീട്ടിയടുക്കുമ്പോൾ,
പുക മൂടി
പകൽ മറയുമ്പോൾ.
-മുനീർ അഗ്രഗാമി


Like
Comment
Share