വസ്ത്രം കാണാനും കാണിക്കാനുമാകുമ്പോള് മറച്ചുവെച്ച നാണം കാണാതാവുന്നു . ഉടല് ഉത്സവവും ആഘോഷവുമാകുന്നു നാം നമ്മില് നിന്നിറങ്ങിപ്പോകുന്നു ദേവി ക്ഷേത്രത്തില് നിന്നും വീട് വീട്ടില്നിന്നും ഇറങ്ങിപ്പോകുന്നു



വസ്ത്രം കാണാനും കാണിക്കാനുമാകുമ്പോള്‍
മറച്ചുവെച്ച നാണം കാണാതാവുന്നു .
ഉടല്‍ ഉത്സവവും ആഘോഷവുമാകുന്നു
നാം നമ്മില്‍ നിന്നിറങ്ങിപ്പോകുന്നു
ദേവി ക്ഷേത്രത്തില്‍ നിന്നും
വീട് വീട്ടില്‍നിന്നും ഇറങ്ങിപ്പോകുന്നു

ചിലപ്പോള്‍ വേദങ്ങളും വഴിമാറും





പ്രായപൂര്‍ത്തിയാകാത്ത നിലവിളികള്‍
തങ്ങിനില്‍ക്കുന്ന വഴികള്‍
വീണുമുള ച്ചതേങ്ങകള്‍ തെങ്ങിലേക്ക് കയ്യുയര്‍ത്തി
നിലവിളിക്കുന്ന പറമ്പുകള്‍
കുട്ടികള്‍ ക്രിക്കറ്റ് കളിച്ചാര്‍ക്കുന്ന പുഴകള്‍
മുകളില്‍ കിടന്ന കുന്നിന്‍റെ ഓര്‍മ്മയില്‍
നെടുവീര്‍പ്പിടുന്ന മണ്‍കുഴികള്‍
വിണ്ടുകീറിയ പാടത്ത്, പാതാളത്തിലേക്ക്
തോറ്റു തലകുനിച്ച കതിരുകള്‍
വടിവാളില്‍ ചുവന്നുപരന്ന രാജ്യതന്ത്രവും
വിപ്ലങ്ങളും വിധിപറയുന്ന നാളുകള്‍
ഇതെന്‍റെ കേരളം കണ്ണീര്‍ വറ്റിയ
നാല്പത്തിനാല് കണ്ണിന്നുടമ ....

ഉരുകിയൊലിക്കുന്ന അവളോടൊപ്പം



പൂക്കളെല്ലാം കരിഞ്ഞ വേനലില്‍
ഉണങ്ങൂ എന്നെന്നെ പിടിച്ചുവലിക്കുന്ന
ഒരു നട്ടുച്ചക്ക്
ഉരുകിയൊലിക്കുന്ന അവളോടൊപ്പം
പൂക്കള്‍ തിരഞ്ഞിറങ്ങി
മുടിയില്‍ ചൂടാനോ
പൂത്തറ ഒരുക്കാനോ അല്ല ;
വെറുതെ ഒന്ന് കാണാന്‍
പൂക്കള്‍ കാണും മുന്‍പേ
ഇതളിനെകുറിച്ചു വര്‍ണ്ണിച്ചതെല്ലാം
കരിഞ്ഞിരുന്നു.

കത്തുകള്‍ കൂട്ടത്തോടെ മരിച്ചുവീണ തീരത്ത്



കത്തുകള്‍ കൂട്ടത്തോടെ മരിച്ചുവീണ തീരത്ത്
നാം വാക്കുകളുടെ സ്മാരകമായ് ഇരുന്നു
ഇടയ്ക്ക് വന്നുപോകുന്ന മിസ്കോളുകള്‍
നമ്മെ ദൂരേക്ക് വലിച്ചെറിഞ്ഞു
നിന്‍റെ കാലിനടിയില്‍ ജീവിതം പഠിക്കുന്ന
മണല്‍ത്തരികള്‍ പോലും നിന്നെ മറന്നു
പിന്നെയാണോ  
ദൂരെ ചുവന്നു പഴുക്കുന്ന
സൂര്യനെമാത്രം കണ്ണെടുക്കാതെ നോക്കുന്ന ഞാന്‍ !

നിറഞ്ഞുതൂവുന്ന ഒരു കടൽ-





നിന്നിൽനിന്നെന്നിലേക്കുള്ള വഴിയിൽ
നിറഞ്ഞുതൂവുന്ന ഒരു കടലുണ്ട്
നനയാതെ നിനക്കെത്തുവാനാവാത്ത
ദ്വീപും ചുഴിയുമതിലുണ്ട്
ഉയരുവാനല്ല,താഴുവാനാണ്
സാധ്യത കൂടുതൽ
മുഴങ്ങുവാനല്ല മുങ്ങുവാനാണ്
നിശ്ശബ്ദതയുടെ പോലും വിധി
എന്നിട്ടും നീ കൊടുത്തയക്കുന്ന
നേർത്ത കാറ്റിൽ അതു ചെറുതായുണങ്ങുന്നു
നീ തൂവുന്ന രശ്മികളിൽ അതാറാങ്ങാൻ
തുടങ്ങുന്നു
നിത്യവുമൊരുസൂര്യനായ്
വെറുതെ ഒന്നെന്നെ നോക്കുക
തൂവാതിരിക്കാൻ
അതിനാവും വരെ