സ്വർഗ്ഗം കാണുന്നു

എല്ലാവരും പാട്ടുകാരാന്ന ഒരു ദിനം
എല്ലാവരും  
ചിത്രകാരൻമാരാകുന്ന ഒരു ദിനം
എല്ലാവരും നൃത്തമാടുന്ന ഒരു ദിനം
ഒരിക്കലും  
ഒരുവർഷത്തിലും ഉണ്ടാവില്ല !

എന്നിട്ടും 
 അങ്ങനെ ഒരുദിവസം ഉണ്ടാവുമെന്ന്
വിചാരിച്ച് നാം സന്തോഷിക്കുന്നു
 
ആ സന്തോഷത്തിൽ നാം 
 സ്വർഗ്ഗം കാണുന്നു
നമുക്ക് പാടാനോ  
വരയ്ക്കാനോ
ആടാനോ അറിയില്ല
എന്നിട്ടും നാം ചിലപ്പോൾ ......

ഉറക്കം വരാതെ


പകൽ  
പരാതി പറയാതെ പോയ വഴിയിൽ
നാം കുറേനേരം നിന്നു

കടൽക്കാറ്റ് 
 നമുക്കിടയിൽ വന്നിരുന്നു
നിന്റെ  പരാതി കേൾക്കുന്നതിനിടയ്ക്ക്
അതറിഞ്ഞില്ല ,
കാറ്റ് തിരിച്ചുപോയി .

വേദനകളിൽ നോക്കി നില്ക്കെ 
 നമുക്കുമുകളിൽ
ആകാശം വരച്ച ചിത്രം നാം കണ്ടില്ല

മുറിവുകൾ തൊട്ടു നോക്കെ
തിരകളിൽ നമ്മെ തിരഞ്ഞു 
 സഞ്ചരിക്കുന്ന സന്തോഷവും
നാം അറിഞ്ഞില്ല

രാത്രിയും പകലും കടന്നുപോകുന്നു
നാം ഒരു കപ്പൽ സ്വപ്നം കാണുമെന്നു കരുതി
ഉറക്കം വരാതെ കിടന്നുരുളുന്നു.

കുഞ്ഞു കണ്ണുകൾ


മഴ കാണുവാൻ
വിത്തിൽ നിന്നുമെത്തിനോക്കുന്നു
കുഞ്ഞു കണ്ണുകൾ !

ആമേൻ

-

ഒരു പൂവിൽ നിന്നും
മറ്റൊരു പൂവിലേക്ക്
അതാ ഒരു വണ്ട് പോകുന്നു

ദൈവമേ
അവൻ എന്തിനുള്ള പുറപ്പാടാണ് ?
അവൻ അതിന്റെ കാമുകനാണോ
ജാരനാണോ ?

രണ്ടു പേരും
 അവനെ കാത്തിരിക്കുകയാണോ ?
അവൻ അവർ വിളിക്കാതെ
അവൻ അവരുടെ സ്വകാര്യതയിൽ
പരന്നിറങ്ങുകയാണോ ?

അല്ല
അവൻ മൂന്നാമത്തെ പൂവിലും
നാലാമത്തെ പൂവിലും
ചെന്നിരിക്കുന്നു

അന്നേരം
മഠത്തിന്റെജനാലയിലൂടെ
ഒരു വെളുത്ത പൂച്ച
പൂന്തോട്ടത്തിലേക്ക്  ചാടി ഓടിപ്പോയി
ആ പൂച്ച അച്ചന്റെ ളോഹ ഇട്ടതായി
അവർക്കു തോന്നി



ദൈവമേ
ഏതു നിമിഷത്തിലാണ്
ഈ മഠത്തിന്റെ മുറ്റത്ത്
എനിക്ക് പൂന്തോട്ടമുണ്ടാക്കാൻ തോന്നിയത്

അല്ല
എന്നെകൊണ്ട്
നീ തോന്നിപ്പിച്ചത് ?

അനന്തരം
ലഭിച്ച വെളിപാടിനാൽ
തനിക്ക് കർത്താവിന്റെ മണവാട്ടിയാകാൻ
പറ്റില്ലെന്നറിഞ്ഞ്
കന്യാസ്ത്രീ,
അമ്പതു കഴിഞ്ഞവർ, 
ഉടുപ്പൂരി  ആത്മകഥയെഴുതി

എല്ലാവരും
നെഞ്ചത്തു കുരിശു വരച്ചു
അവർക്കു വേണ്ടി പ്രാർത്ഥിച്ചു 
ആമേൻ !