ഞാൻ വരുമ്പോഴേക്കും


പ്രവാസം കഴിഞ്ഞു
ഞാൻ വരുമ്പോഴേക്കും
മഴതുടങ്ങിയിരുന്നു
വഴി മറഞ്ഞിരുന്നു
വയൽ നിറഞ്ഞിരുന്നു
നീ പേടിച്ചു വിറച്ചിരുന്നു
നിന്റെ കണ്ണിലേക്കുള്ള വഴി
എന്റെ  കണ്ണിൽ തെളിഞ്ഞു
മുമ്പെപോലിനി വഴിതെറ്റില്ല
നീ വരാന്തയിൽ നിറദീപമായ്
ജ്വലിക്കുന്ന കാഴ്ചയിൽ
എന്നിലെ  മരീചികകൾ
മറഞ്ഞു മാഞ്ഞു  പോകുന്നു
മരുഭൂമികൾ പൂക്കുന്നു
ഞാൻ മനുഷ്യനാവുന്നു

ജീവിതാസക്തി


നിന്റെ  കണ്ണിലെക്കടലിൽ
ഇളകുമാഹ്ലാദത്തിരയിൽ
ജീവിതാസക്തിയുണർന്നു
സൂര്യകിരണമായ് തിളങ്ങുന്നു

ജീവിതജലപ്പരപ്പിൽ നമ്മൾ
തുഴഞ്ഞു വന്നതിന്നോർമ്മ
നിന്റെ  തണലിലൊരു കുഞ്ഞു-
കിളിയായ് വിശ്രമിക്കുന്നു

നീ വർഷിക്കുന്ന ജലത്തുള്ളികൾ
ചാറ്റൽ മഴയായേറ്റുവാങ്ങുമ്പോൾ
തളിർക്കുന്നു ഹൃദയതാരാപഥം 
ജീവിതത്തിന്റെ മഹാപഥം 

ജീവിതത്തിന്റെ സംഗീതം



കാട്ടരുവിയിൽ നീന്തും
നാട്ടുവെളിച്ചത്തിൻ  
കൈപിടിക്കുവാൻ
കൈകോർത്തു  വന്നു
 
നിശ്ശബ്ദരായ് നാം
ഏറുമാടത്തിലേറി  
കാട്ടുപക്ഷികൾക്കൊപ്പം
കാട്ടുരാവിൻ കാലൊച്ചകൾ കേട്ടു

ഉറക്കം പോയവഴിയിലൂടൊരു
കടുവ പാഞ്ഞുപോയി
ഉണർവ്വിലി ലിരുന്നൊരു  
കൂമൻ മൂളിമൂളിപ്പറന്നു

ഉണ്ണുവാൻ തുടങ്ങവേ 
ഉറുമ്പുകൾ വന്നു ഭിക്ഷ ചോദിച്ചു
രാക്കിളികൾ നമുക്കു കാവലായ്
പാട്ടുകൊണ്ടൊരു കോട്ടയുണ്ടാക്കി

കാടുനമുക്കിരുളും മരങ്ങളും
ചേർത്തൊരു കൂടു പണിതു
ജീവിതത്തിന്റെ സംഗീതം
പുതച്ചു കിടക്കാൻ പറഞ്ഞു 

 

ഹൈക്കു -നീയും ഞാനും-



നിന്റെ നെഞ്ചിൽ
തല വെച്ചുറങ്ങുന്നു
എന്റെ വേദനകൾ