നമ്മളൊന്നാകുന്നു(മഞ്ചാടിക്കവിത - 12-)

മഞ്ചാടിക്കവിത - 12-
കൈ കോർത്ത് നടന്നു ,
രണ്ടു വാക്കുകൾ
നമ്മളറിയാതെ 
നമ്മിൽ നിന്നിറങ്ങി പോയവ.
അവ ചുംബിക്കുമ്പോൾ
നമ്മളൊന്നാകുന്നു

...........മുനീർ അഗ്രഗാമി 

ദേശം


ദേശം 
സ്വന്തം മുഖം നോക്കിയിരുന്ന കണ്ണാടിയാൾ
നോട്ടങ്ങളെല്ലാം ബാക്കിവെച്ച്
മാഞ്ഞു പോയി
ആ കാഴ്ചകൾ ചേർത്തുവെച്ച്
ദേശീയതയുടെ ചിത്രം നിർമ്മിക്കുകയാണ്
ദേശ മിപ്പോൾ

.............................മുനീർ അഗ്രഗാമി 

യാത്രകൾ

യാത്രകൾ
...................
തെക്കോട്ട് എത്രയെത്ര യാത്രകൾ കടന്നു പോയെടീ ?
അവസാനത്തെ വെറ്റിലച്ചെല്ല ത്തോടൊരാൾ
ചോദിക്കുന്നൂ
രണ്ടു കാലിൽ രണ്ടായിരം കാലിൽ
വില്ലുവെച്ച വണ്ടിയിൽ
കുതിരവണ്ടിയിൽ കാളവണ്ടിയിൽ
കാലുമാറിയും കാലുവാരിയും
സ്വയമറിഞ്ഞുമറിയാതെയും
പല നിറപ്പൊലിമയുള്ളവ
പല നിരയിൽ നിരന്നവ
പല നിലയിൽ വന്നവ
പല കണ്ണുകളുള്ളവ
ത്രിവർണ്ണക്കൊടിയേന്തിയിട്ടും
ഒന്നും തിരിയാത്തവ
ചുവപ്പിനെ മാത്രം കണ്ടവ
പച്ചയെ മാത്രം കണ്ടവ
നീലയെ മാത്രമറിഞ്ഞവ
മഞ്ഞയെ മാത്രം നോക്കിയവ
കാവി പുതച്ചവ
എ സി യിൽ ,പുറം ലോക സ്പന്ദനമറിയാത്തവ
പുറത്തിറങ്ങിയിട്ടും
അകമറിയാത്തവ
ഓരോ യാത്രയും
ഓരോ ചുളിവുകൾ മാത്രം
നെറ്റിയിലവ വന്നു നിൽക്കുന്നു
ചെല്ലമേ... വെറ്റിലച്ചെല്ല മേ
അവയറിയുവാൻ
വരുമോ മനുഷ്യനെ കാണുന്ന യാത്രകൾ ?
വരുമോ
മണ്ണു തൊട്ടു നടക്കുന്ന യാത്രകൾ?
വരുമോ ഉപ്പുമണമുള്ള ഒരു യാത്രയെൻ്റെ ചുളിവുകളിലെ
വെളുത്തു നരച്ചസങ്കടങ്ങൾ
നിവർത്തി വായിക്കുവാൻ?
തെക്കോട്ടുപോകും മുമ്പ്,
തേക്കുപാട്ടുകളുറങ്ങും മുമ്പ്
അതു കേൾക്കുവാൻ വരുമോ
കാതുള്ളൊരു യാത്രക്കാരൻ?
കണ്ണുള്ളൊരു യാത്രക്കാരി?
അമ്മൂമയെപ്പോൽ
വെറ്റിലച്ചെല്ലമൊന്നു മൂളിയോ !
ഏതോ യാത്രയുടെ ശബ്ദത്തിലത ലിഞ്ഞുവോ!
ഊന്നുവടിയിലയാൾ
ഗാന്ധിജിയെ പോൽ
കൈയൊന്നമർത്തി
ഏതോ വേദനയന്നേരമയാളി ൽ
പിടഞ്ഞുണർന്നുവോ!
വെറ്റിലച്ചെല്ലം തുരുമ്പിച്ച കണ്ണാൽ
നിസ്സംഗമതു നോക്കി നിന്നു
.........................മുനീർ അഗ്രഗാമി

ഒരു വിളക്കുണ്ട്മ(ഞ്ചാടിക്കവിത-11-)

മഞ്ചാടിക്കവിത-11-
മിന്നാമിനുങ്ങിനെ
അസൂയയോടെ നോക്കി
ഒട്ടും പ്രകാശമില്ലാതെ
ഇരുട്ടിൽ നിൽക്കുന്നു
ഉള്ളിൽ ആരും കാണാത്ത
ഒരു വിളക്കുണ്ട്
നിൻ്റെ ചിരിയെന്നതിനെ ഞാൻ വിളിക്കുന്നു

കോണിപ്പടി

കോണിപ്പടി
....................
രണ്ടു കാലും രണ്ടു കൈയും
പരന്നതലയുമുള്ള
വിചിത്ര ജീവിയാണ് കോണിപ്പടി
ഇറങ്ങിപ്പോകുമ്പോൾ
തല ഉയർത്തി അതു നോക്കും
അമ്മയെ പോലെ.
കയറിപ്പോകുമ്പോൾ
തല ചെരിച്ച് നോക്കും
ചാരുകസേരയിലിരിക്കുന്ന
അച്ഛനെ പോലെ.
തിരിച്ചു വരാതാവുമ്പോൾ
പടിപ്പുരയിലിരുന്ന് ഉരുകുന്നത്
അതിനേ അറിയൂ
"ഞാനിതെങ്ങനെ കയറും?"
എൻ്റെ കൈ പിടിച്ചു വന്നവൾ ക്കൊരാശങ്ക.
നിലത്തു കാലു വെയ്ക്കും മുമ്പ്
അമ്മയുടെകൈ പിടിച്ച്
നെഞ്ചിലേക്കെന്ന പോലെ ഞാൻ കയറിയ പടികൾ
അച്ഛൻ്റെ മടിയിൽ നിന്ന്
മണ്ണിലേക്കെന്ന പോലെ ഞാനിറങ്ങിയ
പടികൾ
കയറിയില്ലവൾ
പരുന്തു പോലെയൊരു യന്ത്രംവന്നു
കോഴിക്കുഞ്ഞിനെയെന്നപോൽ
അതിനെ ഒറ്റക്കൊത്തിനു കൊണ്ടുപോയി
കയറ്റവുമിറക്കവുമില്ലാതെ
അവൾക്കൊപ്പം നടന്നു
കാറിൽ കാറ്റിലെന്ന പോൽ പറന്നു
അവളുടെ നെഞ്ചിൽ ചേർന്നു കിടക്കുമ്പോഴും
കോണിപ്പടിയുടെ ഓർമ്മകൾ വന്ന്
എന്നെ അനാഥനാക്കും
.....................മുനീർ  അഗ്രഗാമി 

ഇങ്ങനെയല്ലാതെ

ഇരുളു കൊണ്ടിങ്ങനെയല്ലാതെ
വെളിച്ചത്തിലെങ്ങനെ നിന്നെ
ഇത്ര ശക്തമായ് വരയ്ക്കു മെന്നു
നിഴൽ മൊഴി നിശ്ശബ്ദമായ് !
.........................മുനീർ അഗ്രഗാമി 

മീൻ വളർത്തൽ

മീൻ വളർത്തൽ
.............................
മീനുകൾ സ്വപ്നം വളർത്തുന്ന
കുളമാണ് അയാൾ
അയാൾക്കുള്ളിൽ
ചിറകുള്ള അനേകം സ്വപ്നങ്ങൾ നീന്തുന്നുണ്ട്
മീനുകൾ വളരുന്നതിനൊപ്പം
അവയും വളരുന്നു
അവ വളരുന്നതിെനാപ്പം
മീനുകളും വളരുന്നു
മീൻ വളർത്തുകയായി രുന്നു അയാൾ
മീനുകൾ അയാളെയും
നെൽകൃഷിയുടെ അവസാനത്തെ ഓർമ്മ
തിന്നുകയായിരുന്നു മീനുകൾ
അയാൾ അവസാനത്തെ നെന്മണിയും
കുളത്തിൽ മുക്കി കൊല്ലുകയായി രുന്നു
നെൽച്ചെടികൾ തകർത്ത സ്വപ്നങ്ങളെയാണ്
മിനുകളി പ്പോൾ പുതുക്കിപ്പണിയുന്നത്
പുന്നെല്ലു മണത്തിരുന്ന
അയാളുടെ വീടിനി
മീൻ മണക്കും
അതാണി നി
അയാളുടെ സുഗന്ധം .
................................മുനീർ അഗ്രഗാമി

കഴുതയാകുമ്പോൾ

കഴുതയാകുമ്പോൾ
പുറത്ത് കൊടിയാണോ
കോടിയാണോ
കൊടിച്ചിയാണോ
എന്നൊന്നുമറിയില്ല
നാലു കാലിൽ നടത്തിക്കുന്നവരുടെ
മുഖമോ വഴിയോ
മനസ്സിലാവില്ല
വീണ്ടും കഴുതയാകുമ്പോൾ
കൊടിയുടെ നിറം കൂടും
കോടിയുടെ എണ്ണമേറും
കൊടിച്ചിയുടെ കനമധികം
കണ്ണിലിരുട്ടു കയറും
നടത്തുന്നവരെ
കാണുകയേയില്ല
സ്വന്തം കിതപ്പു കേട്ടു റ ങ്ങി
എഴുന്നേൽക്കുമ്പോൾ
വീണ്ടും വീണ്ടും കഴുതയാകും

...........................മുനീർ അഗ്രഗാമി 

ഗോളി

ഗോളി
...........
ഗാലറിയിലെ ആരവങ്ങൾക്കും ആക്രോശങ്ങൾക്കുമിടയിൽ
കളിക്കളത്തിലെ
വീറിനും വാശിയ്ക്കുമിടയിൽ
ചതുരത്തിൽ
ഫ്രെയിം ചെയ്തു വെച്ചിരിക്കുന്ന ഏകാന്തതയാണു ഞാൻ
ഏകാഗ്രത യുടെ അദൃശ്യമായ ചില്ലിനകത്തിരിക്കുന്ന
എന്നെ കാണുന്ന പതിനൊന്നു പേരുണ്ട്
എനിക്കു ചുറ്റുമുള്ള ശൂന്യതയിലേക്ക്
കത്തിയേറുകാരെ പോലെ
അവർ ഷൂട്ട് ചെയ്യുന്നു
ഒരൊറ്റത്തട്ടലിനൊച്ചയിൽ
ചില്ലുതകർക്കാതെ
അവരുടെ സ്വപ്നമുടയ്ക്കുന്ന
കുട്ടിയാകുമന്നേരം
കുത്തനെ വെച്ച ചതുരക്കുളത്തിൽ
മീനെന്ന പോൽ നീന്തും
കോർണ്ണ ർ കിക്കെടുക്കുമ്പോൾ
കുളത്തിൽ നിന്നും വായുവിലേക്കുയർന്ന്
താഴും.
വലയിൽ വീഴരുതേ
വലയിൽ വീണാൽ
തോറ്റു പോകുമെന്ന്
എനിക്കു പിന്നിൽ നിന്ന്
അനുഭവങ്ങളുടെ വല .
കളിക്കമ്പക്കാരൻ്റെ തോന്നലിൽ
വലയുടെ നടുക്ക് ഒരെട്ടുകാലി
പക്ഷേ
സ്വന്തം വലയിൽ ഒന്നും വീഴാതിരിക്കാൻ
എട്ടു കാലുകൾ പുറത്തെടുക്കുന്ന ഇരു കാലിയാണു ഞാൻ
പെനാൾട്ടി കിക്കെടുക്കും മുമ്പ്
എല്ലാ നോട്ടങ്ങളും വന്നു തറച്ച്
നിശ്ചലമാകുന്ന പ്രതിമ.
കിക്കെടുക്കുന്ന മാത്രയിൽ
ചതുരാകാശത്തിലെ ഒരേയൊരു കിളി;
കൊക്കിൽ ഒരു സൂര്യൻ;
വിജയത്തിൻ്റെ വെളിച്ചം വിതറുന്ന
കിതയ്ക്കുന്ന പന്ത്.
.....................................മുനീർ അഗ്രഗാമി

രഹസ്യ പ്രണയം(മഞ്ചാടികവിത -10 -)

മഞ്ചാടികവിത -10 -
രഹസ്യ പ്രണയം
....................... :....
എൻ്റെ രഹസ്യങ്ങളുടെ ഉള്ളിൽ
ഒരു രഹസ്യമുണ്ട്
അതിൻ്റെ വെളിച്ച ത്തിലാണ്
എൻ്റെ വെളിച്ചം

രാജ്യത്തിൻ്റെ ചിരി

എൻ്റെ രാജ്യം
എൻ്റേ താണ്
എൻ്റേതായ രാജ്യം
എൻ്റേതു മാത്രമല്ല.
മാത്രമല്ല;
ഞാൻ എൻ്റെ രാജ്യത്തിൻ്റേതാണ്
ഞാൻ മാത്രമല്ല
എൻ്റെ രാജ്യത്തിൻ്റേത്
അതു കൊണ്ട്
ഞാൻ ചിരിക്കുമ്പോൾ
രാജ്യം ചിരിക്കും
അതുകൊണ്ട്
എൻ്റെ ചിരി മാത്രമല്ല
രാജ്യത്തിൻ്റെ ചിരി

..................മുനീർ അഗ്രഗാമി 

അപ്പോഴും

അപ്പോഴും
....................
സ്വാതന്ത്യ്രം
ഓരോ മനുഷ്യനേയും
ഓരോ റിപ്പബ്ലിക്കാക്കുന്നു
എന്ന്
ഒരു കുഞ്ഞ് , 
നടക്കുന്നതിനു മുമ്പ്
അതിൻ്റെ പുഞ്ചിരി കൊണ്ട്
ഹൃദയത്തിലെഴുതി വെക്കുന്നു
ആഗ്രഹങ്ങളിൽ തടഞ്ഞു വീണവരു ടെ
സങ്കടങ്ങൾ
ഇടയ്ക്കതെടുത്ത് വായിക്കും
ഏതെങ്കിലുമൊരു വായന
എല്ലാ ചങ്ങലകളും
ഉരുക്കിക്കളയുമെന്ന
പ്രതീക്ഷയാൽ!
അപ്പോഴും
മതവും ജാതിയും
പാർട്ടിയും
മറ്റു പലതും
മാറി മാറി ഭരിക്കുന്ന
രാജ്യങ്ങളാണു നാം.
..............................മുനീർ അഗ്രഗാമി

മനസ്സിലെഴുതിയ പുഞ്ചിരികൾ

ഏതു കല്പനയാൽ മറഞ്ഞാലും 
മണ്ണിലേക്കു പോയാലും 
മാനത്തേക്കുയർന്നാലും 
മറയുന്നതെങ്ങനെ നീ
തെളി നിലാവു കൊണ്ടെന്റെ 
മനസ്സിലെഴുതിയ പുഞ്ചിരികൾ?

മലയാളത്തിൻ്റെ വാൽ

മലയാളത്തിൻ്റെ വാൽ
...... .......................... ......
സർ ഇനി വാലും കൂടിയുണ്ട്,
ശിഷ്യൻ പറഞ്ഞു.
ഗവേഷകനവൻ
വാസ്തവമേ പറയൂ.
ശിരസ്സിപ്പോഴും സംസ്കൃതത്തിൻ്റെ
വായിൽ തന്നെ.
രണ്ടു ചിറകുമുടലും
ഇംഗ്ലീഷിൻ്റെ വായിലും
കാലുകൾ നക്കിത്തീർക്കുവാൻ
മറ്റു ചില ഭാഷകളും
മത്സരത്തിലാണ്.
സർ ഇനിയെങ്ങനെ
മലയാളം ഫ് ളൈ ചെയ്യും ?
മികച്ച പഠിതാവൻ
സംശങ്ങൾ ക്കുറ്റതോഴൻ
ചോദിക്കുന്നൂ
മകനേ
വാലുണ്ടല്ലോ
ഇളകുന്നുണ്ടല്ലോ
ജീവൻ ബാക്കിയുണ്ടല്ലോ
നമുക്കതിൻ നേർത്ത കാറ്റിൽ
ഇത്തിരി നേരമിരിക്കാം
സങ്കടം മറക്കാം
നീ സ്കൂട്ടാവാതെ കുഞ്ഞേ
എൻട്രൻസ് എഴുതി വന്ന വനല്ലോ നീ,
യിതിൻ ഗതിയറിഞ്ഞി നി
പരിഹാരമന്വേഷിക്കൂ
കൂട്ടിനു ശാരികയോ തത്തയോ എന്നതു നിന്നിഷ്ടം!
വാലിൻ തണലേയുള്ളൂ
നിനക്കുമെനിക്കുമെന്നതു
മറക്കാതെ 

(വള്ളത്തോളിന്റെ മലയാളത്തിന്റെ തല എന്ന കവിത ഓർക്കുക )

മുനീർ അഗ്രഗാമി 

മഞ്ചാടിക്കവിത -10 - നനയുന്നു


................. .
എൻ്റെ കണ്ണുകളുടെ തീരത്ത്
ഉറക്ക് വന്നിരിക്കുന്നു
എല്ലാം മറക്കുവാൻ നാം
കടപ്പുറത്തിരുന്ന പോലെ
പക്ഷേ
നീ നീന്തിയെത്തുന്ന തിരകളിൽ
അതു നനഞ്ഞു കുതിരുന്നു
....... ..മുനീർ അഗ്രഗാമി

അമരലോകത്തിൽ ഒരു മയിൽ

അമരലോകത്തിൽ ഒരു മയിൽ (മൃണാളിനി  സാരാഭായിയെ ഓർത്ത് 2016 ജന 23 ന് എഴുതിയത്

)
......................... ..................
എത്ര നേരമായെന്നറിയില്ല
എൻ്റെ കണ്ണീർത്തുള്ളിയിൽ
നിൻ്റെചിലങ്ക കിലുങ്ങുന്നു.
കരളിനുള്ളിലെ കലാവേദിയിൽ
നീയിപ്പോഴും നൃത്തമാടുന്നു
മഴ പോൽ നീ ചുവടു
വെച്ച വഴികളിൽ
മുളച്ച വിത്തുകൾ
ചെടികളായ്
നിന്നോർമ്മമഴ കൊള്ളുന്നു.
നീ പീലി വിടർത്തിയാടിയ ദിക്കുകൾ
നിൻ്റെ താളമേകിയ
ജീവതാളത്തിൽ
നിനക്കു വേണ്ടി
ചുവടുവെയ്ക്കുന്നു.
ഏതോ വേദനയിൽ
ഏതോ മരത്തണലിൽ ഞാൻ
തളർന്നുവീഴെ,
കാറ്റിൻ്റെ താളത്തിൽ
ഇലനിഴലുകളുടെ നിശ്ശബ്ദഗാനത്തിൽ
വെയിൽ ചീളുകൾ
നിനക്കു നൃത്താഞ്ജലി തരുന്നു.
നിന്നെയോർത്തു മഴയിൽ നടക്കെ
മഴവിരലുകളെന്നെ മീട്ടി
നിനക്കു ചുവടുവെയ്ക്കുവാൻ
നാദമൊഴുക്കുന്നു,
നീയടുത്തില്ലെന്നറിയെ
ഒരു കുഞ്ഞരുവി
നിനക്കുദകക്രിയയായതിൻ
കുഞ്ഞു പാദമിളക്കുന്നു.
നീ കൊടും ശൈത്യമായ്
മറഞ്ഞൊരോർമ്മ,
മഞ്ഞുകണങ്ങളുടെ
കൈമുദകൾ
മരങ്ങളിലെഴുതുന്നു
നീ ചുവടു വെച്ച താഴ്വരകൾക്കതു ദർപ്പണമായ്
മിഴി നനഞ്ഞതു കാണിക്കുന്നു
നീ പറന്നു വന്ന ദിക്കും
നീ പരിലസിച്ച ദിക്കും
നീ പറന്നു പോയ ദിക്കും
എനിക്കു തരുന്നൂ ,
നിന്നെണ്ണമറ്റ ചുവടുകൾ
വരച്ച കഥകളും കൗതുകങ്ങളും.
എത്ര നേരമായെന്നറിയില്ല
മേഘമായിരിക്കുന്നു ഞാൻ!
എത്ര പെയ്യുമെന്നറിയില്ല
എനിക്കു മുന്നിൽ
പീലി വിടർത്തി
നിന്നോർമ്മകൾ ചുവടുവെയ്ക്കുന്നു.
മരിച്ചമര ലോകം പൂകിയ മയിലേ
നിൻ്റെ പീലികൾ
എൻ്റെ ഹൃദയ പുസ്തകത്തിൽ
പെറ്റുപെരുകന്നൂ .
അതിലുദിക്കുന്നു
നിൻ്റെ പീലിക്കണ്ണു പോൽ
എൻ്റെ സൂര്യൻ !
.....................മുനീർ അഗ്രഗാമി