യക്ഷികൾ ?

 പകൽ കിളച്ചു മറിച്ച്

ഏഴിലം പാലത്തൈകൾ നട്ടു
രാത്രിയായി
ചെടികൾക്ക് വേരിങ്ങിയില്ല
പക്ഷേ
യക്ഷികൾ വന്ന്
ചുണ്ടാമ്പു ചോദിക്കുന്നു
ചുക്കിനും ചുണ്ണാമ്പിനും
ബജറ്റില്ലെന്നു പറഞ്ഞു
ഫോൺ കൊടുത്തു
സെൽഫിയെടുത്തു പഠിപ്പിച്ചു
ചെടികൾ മരങ്ങളായി
5g യും 6gയും വന്നു
അവരെവിടെ
യക്ഷികൾ ?
- മുനീർ അഗ്രഗാമി

ഇരുട്ടിന് ഏറ്റവും പ്രിയപ്പെട്ട ഒരാൾ

 ഇരുട്ടിന് ഏറ്റവും പ്രിയപ്പെട്ട ഒരാൾ

എന്നും കാണുന്ന ഒരു നക്ഷത്രം
ഇന്ന് ഉദിച്ചില്ല
അതിനെ തിരഞ്ഞ്
അയാൾക്ക് ആകാശത്തേക്ക് പോകാൻ
ചിറകുകളില്ല
ചിറകുകൾ മതിയാവാത്ത ഒരിടത്ത്
ആ വെളിച്ചം
മറഞ്ഞിട്ടുണ്ടാവുമോ?
മാഞ്ഞിട്ടുണ്ടാവുമോ ?
ഇരുട്ടിന് അയാളെ ഇപ്പോൾ
പൂർണ്ണമായി കിട്ടും
അയാളെ എല്ലാ കൈകളാലും
ഇരുട്ട് വരിഞ്ഞു മുറുക്കും
പക്ഷേ
അയാൾക്ക്
ആ വെളിച്ചം നഷ്ടപ്പെട്ടു
എന്നതല്ലേ സത്യം
ആ നക്ഷത്രത്തെ അയാൾ നോക്കിയപോലെ
മറ്റാരും നോക്കിയിട്ടുണ്ടാവില്ല
എന്നിട്ടും അതെവിടെപ്പോയ്?
ആ നക്ഷത്രം അവിടെ ഉണ്ടായിരുന്നെന്ന്
അയാൾ എത്ര തവണ പറഞ്ഞാലും
ആരെങ്കിലും വിശ്വസിക്കുമോ ?
- മുനീർ അഗ്രഗാമി

രാത്രി അതു കേൾക്കുന്നു

 ചിറകുകൾ പണയം വെച്ച

ഒരു കിളി പാടുന്നു
രാത്രി അതു കേൾക്കുന്നു
ചിറകുകൾ എന്നു തിരിച്ചെടുക്കുമെന്ന്
മേഘം മറയ്ക്കാത്ത
ഒരു താരകം ചോദിക്കുന്നു
അവൾ പാടുന്നു
ചിറകുകൾ ഊരിയെടുത്ത മുറിവിൽ നിന്നും
വാക്കുകൾ ഇറ്റി വീഴുന്നു
ആരു ഒന്നും കാണില്ല
അത്രയ്ക്കും കൂരിരുട്ടാണ് കേൾവി.
- മുനീർ അഗ്രഗാമി

യുദ്ധം ചെയ്യുകയാണ്

 ഒരു ചെറിയ ജീവി

തന്നെത്തന്നെ ആയുധമാക്കി
യുദ്ധം ചെയ്യുകയാണ്
വലിയ ജീവികൾക്കെതിരെ
രാജ്യത്തിനെതിരെ
അഹന്തക്കെതിരെ
ആനന്ദത്തിനെതിരെ.
അത് എവിടുന്നു വന്നു
എങ്ങനെ വന്നു
എങ്ങോട്ടു പോകുന്നു ?
എന്ന കാര്യങ്ങൾ
അറിയിക്കാതെ
അത് ശത്രുവിനെ വാഹനമാക്കി
അതിരുകൾ പൊളിക്കുന്നു
ഒരു ചെറിയ ജീവി
എത്ര എളുപ്പമാണ്
വലിയവനെ നിസ്സാരനാക്കിക്കിടത്തുന്നത് !
ഇതൊരു കവിതയല്ല
പക്ഷേ കവിതയിൽ
ആ ചെറിയജീവി
ഒരു വാക്കോ
നിയമമോ
തത്ത്വമോ ആയി
എല്ലാ സന്തോഷങ്ങൾക്കുമെതിരെ
യുദ്ധം ചെയ്യും
-മുനീർ അഗ്രഗാമി

അവനുണ്ടായിരുന്നതിൻ രേഖകൾ

 അവനുണ്ടായിരുന്നതിൻ രേഖകൾ

.............................................................
ചെരിഞ്ഞു കിടക്കുന്നു
മേശമേൽ
ഒരു പ്ലാസ്റ്റിക്ക് കുപ്പി
നാല് കടലാസ്ച്ചുരുളുകൾ
നല്ല നേരത്തിന്റെ
വികൃതമാമോർമ്മ പോൽ
പാറാനാവാതെയിരിക്കുന്നു
ക്രമം തെറ്റിയ കസേരയിൽ
ആരെയും സ്വീകരിക്കുവാൻ
ശൂന്യതയുടെ മനസ്സുണർന്നിരിക്കുന്നു
പത്രം
അരുംകൊലകളുടെ
രക്താക്ഷരങ്ങളിൽ ചുവന്ന്
നിലത്ത് മലർന്നു കിടക്കുന്നു
തുറന്ന ജനലിന്റെ
തുറന്ന മനസ്സിലൂടെ
സൂര്യൻ പടിഞ്ഞാട്ടു പോകുന്നു
അതു കാണുവാൻ അവനെവിടെ ?
ഏറെ ത്തണുത്ത ചോദ്യം
കാറ്റേറ്റെടുക്കുന്നു
അവനെത്തിരഞ്ഞ്
തെരുവിലും ജയിലിലും ചെല്ലുന്നു
അതിരുകാക്കും മരത്തിന്റെ
ഇലയടർത്തി ചോദിക്കുന്നു
അവന്റെ ആത്മാവിലൊളിച്ചവൾ
ആദ്യമായ്
അവനെത്തിരഞ്ഞ്
പുറത്തേക്കൊഴുകി വന്നു
അലിഞ്ഞിട്ടും
അവളവനെ കണ്ടില്ല
അവനുണ്ടായിരുന്നതിൻ രേഖകൾ
ആ മേശയിലില്ല
ആ കസേരയിലില്ല
ആ കടലാസിലില്ല
പക്ഷേ
ഇല്ലാതിരിക്കുമോ?
ഉപേക്ഷിക്കപ്പെട്ട നിലയിൽ
ഒരൊച്ചയെങ്കിലും അവൻ
ബാക്കി വെച്ചിട്ടുണ്ടാവണം!
മറ്റൊരാളെ ഓർത്തുള്ള
നിശ്വാസമെങ്കിലും
എവിടെയോ തങ്ങിനിൽപുണ്ടാവണം
.......
-മുനീർ അഗ്രഗാമി

കാടിറങ്ങിപ്പോരുന്ന വഴിയിൽ

 കാടിറങ്ങിപ്പോരുന്ന വഴിയിൽ

................................................
നദി കത്തുന്നു
വറ്റിപ്പോയ
ഒഴുക്കിന്റെ വടുക്കളിൽ
തീ നൃത്തമാടുന്നു
ഏറെത്തണുത്ത ഒരു കാലത്തിൻ
ജീവനുപേക്ഷിച്ച കക്കകൾ
നിന്നു പുകയുന്നു
ഞാനുമമ്മയും പലകുറി
മുറിച്ചുകടന്ന ഒഴുക്കിപ്പോഴും
ഞങ്ങളെ വിട്ടു പോയിട്ടില്ല
കാടിറങ്ങിപ്പോരുന്ന വഴിയിൽ
കാട്ടാനയെ തടയുന്ന പുഴ
വറ്റിയതെങ്ങനെ?:
ഉറവകളോരോന്നും
തീർന്നു പോയതെങ്ങനെ ?
കാട്ടുതീയിൽ വെന്തു ചത്ത മരങ്ങളുടെ വേരുകളിൽ
ഈ പുഴയുടെ ഓർമ്മനനയുണ്ട്
ഒഴുക്കിന്റെ ശക്തിയിൽ
അച്ഛനാണ് പുഴ
കള്ളുകുടിച്ചൊഴുകുന്ന മഴക്കാലം
പട്ടിണി കിടന്നൊഴുകുന്ന വേനൽ
ഞങ്ങളെ
തോളിലേറ്റിയൊഴുകുന്ന ശിശിരകാലം
ശരത്കാലത്ത്
പുഴയ്ക്ക് മറ്റൊരു മനസ്സാണ്
അച്ഛനൊപ്പം അന്നു ഞങ്ങൾ കളിച്ചിരുന്നു
മ്ലാവിനെ കണ്ട്
കാടിന്നൊഴുക്കറിഞ്ഞിരുന്നു
ഒഴുക്കെല്ലാം വറ്റിപ്പോയാൽ
എന്തു ചെയ്യും?
ആരോടു പരാതി പറയും ?
വറ്റിപ്പോയതിന്നോർമ്മയിൽ
ഒഴുകുമ്പോൾ
കത്തിപ്പോയാലെന്തു ചെയ്യും ?
വറ്റിപ്പോയ ഒരു പുഴയിൽ
കത്തിപ്പോയ ഒരു പുഴയിൽ
ബാക്കിയായ
കറുത്ത കല്ല്
ഉരുണ്ട് മിനുത്ത് നിൽക്കുന്നു
അതിന്റെ മനസ്സ് ഞാനാണ്.
ഒരു പെൺകുട്ടി അതെടുത്ത് കൊണ്ടുപോയി
അക്വേറിയത്തിലിട്ടു.
അതിൽ നിറയെ
അതിരുകളുള്ള മീനുകൾ
-മുനീർ അഗ്രഗാമി

കടപ്പുറത്തേക്ക് പോകുന്ന കവികൾ

 കടപ്പുറത്തേക്ക് പോകുന്ന കവികൾ

......................................................................
കടപ്പുറത്തേക്ക് പോകുന്ന കവികൾ
കാറിലല്ലാതെ
കാൽനടയായി
ഉപ്പു കുറുക്കാനല്ലാതെ
വെറുതെ ഇരിക്കാനായി
കടപ്പുറത്തേക്ക് പോകുന്നു കവികൾ
മാനാഞ്ചിറ മുതൽ
കടൽപ്പാലം വരെ
വായനക്കാരെ വെച്ച്
അലങ്കരിച്ചിരിക്കുന്നപോലെ
അവർക്ക് തോന്നുന്നു
പുസ്തകങ്ങളിൽ നിന്ന്
വീശിയടിക്കുന്ന ചുഴലി
കവിതയുടെ വരികളിൽ നിന്നും
വന്ന് പേരിടാൻ ആവാതെ
തൊട്ടു നോക്കുന്ന കാറ്റിൽ
അവര് ഇളകുന്നു
എവിടെയും ഉപേക്ഷിക്കാൻ ആകാത്ത
നാലു വാചകങ്ങൾ
അവർ ചുരുട്ടിപ്പിടിച്ചിരിക്കുന്നു
കുളത്തിൽ നിന്ന്
കടലിലേക്കുള്ള വഴി
അവരുടെ ആത്മകഥയിലെ
ഒരദ്ധ്യായമായി
നീണ്ടു നീണ്ടു പോകുന്നു
അവർ നടക്കുന്നുണ്ടാവും
ഇരിക്കുന്നണ്ടാവാം
കിടക്കുന്നുണ്ടാവാം
പക്ഷേ
ചിറയിലെ ചെറിയ ഓളങ്ങളിൽ നിന്ന് കടൽത്തിരകളിലേക്ക്
അവർ ഉയർത്തപ്പെടും
കടപ്പുറത്ത് ഏകാന്തത
അനുഭവിക്കുന്ന എല്ലാ കാറ്റാടി മരങ്ങളും
ലോക കവികളാണ്
അതിൻറെ തണൽ അവർ വായിക്കുന്നു
ഇപ്പോൾ അവർക്ക്
എടുത്തു വെക്കാൻ
പുതിയ ഒരു വാക്യം കിട്ടുന്നു
അസ്തമയം അതിന്റെ ഒരക്ഷരം.
-മുനീർ അഗ്രഗാമി

കുറെ ആളുകൾ

 കുറെ ആളുകൾ

...................................
കുറെയാളുകൾ
മറ്റാരുടേയോ കാലുകളുമായ്
കടപ്പുറത്തിരിക്കുന്നു
തിരകളെ കുറിച്ച്
ആരും ഒന്നും സംസാരിക്കുന്നില്ല
കുറെ സ്ത്രീകൾ
തിളച്ചുതൂവി
ആകാശങ്ങൾ (അവകാശങ്ങൾ ) തേടി
നടന്നു പോകുന്നു
വെയിലിനെ കുറിച്ച് അവർ
ഒന്നും മിണ്ടുന്നില്ല
ഒരാൾ
ഉറക്കം വരാതെ
മറ്റൊരാളിൽ കിടക്കുന്നു
അയാൾക്ക് സ്വപ്നത്തെ കുറിച്ച് പറയാൻ
അടുത്താരുമില്ല
എല്ലാവരും
ഇനിയിങ്ങനെ ഇരിക്കാനാവുമോ
നടക്കാനാവുമോ
കിടക്കാനാവുമോ
എന്നു മാത്രം ചോദിക്കുന്നുന്നു
രണ്ടു കൊക്കുകൾ ഒരാമയെയും കൊണ്ട്
പറന്നു പോകുന്നത് അവർ കാണുന്നു
പഴയ കാലമല്ല
പഴയ കഥയല്ല
ആമ വാ തുറക്കില്ലെന്ന്
അവർക്കറിയാം.
കുറെയാളുകൾ അത്
കഥ കാണുമ്പോലെ
നോക്കി നിൽക്കുന്നു.
- മുനീർ അഗ്രഗാമി

ചോദ്യങ്ങൾ

 ചോദ്യങ്ങൾ

............................................................
എന്നെ കയറാൻ പഠിപ്പിച്ച കുന്നെവിടെ ?
എനിക്ക് പൂക്കൾ തന്ന ചെടിയെവിടെ ?
ഞാൻ വിതച്ച പാടമെവിടെ ?
ഞാൻ നടന്ന ഇടവഴി ?
സ്ക്കൂളിലേക്ക് നടക്കും വഴി
മുറിച്ചുകടന്ന ഉറവ?
കളിച്ച മുറ്റം ?
കുളിച്ച കുളം ?
ഊഞ്ഞാൽ കെട്ടിയ മാവ് ?
മുത്തച്ഛൻ വന്നു ചോദിക്കുന്നു
മരിച്ച് മുപ്പതാണ്ട് കഴിഞ്ഞ
പാതിരാവിൽ.
എന്നെ പലതവണ ഉരുട്ടി
കിടക്ക ഇളക്കിമറിച്ച്
ചോദ്യം ചെയ്യുന്നു.
കുന്നെവിടെ ?
ചെടിയെവിടെ ?
പാടമെവിടെ ?
ഒന്നും പറയാനാവാനെ
പഠിച്ച കള്ളനെ പോൽ
ഉണരാതെ ഉള്ള് പിടഞ്ഞപ്പോൾ
ഞാൻ പറഞ്ഞു
വേഗം പോകുക
ഇന്നു രാവിലെ
ഞാനെടുത്തു നോക്കിയ
ചിത്രത്തിലേക്ക്
വീടു പുതുക്കുമ്പോൾ വീണു പൊട്ടിയ
നരവീണ
ഫോട്ടോയിലേക്ക്.
കോണിക്കൂടിനുള്ളിൽ
നിറഞ്ഞ പൊടിയിലേക്ക്
മുത്തച്ഛൻ ഉടനെ പോയി
എല്ലാ ചോദ്യങ്ങളും
എന്നിൽ കുടഞ്ഞിട്ട് പോയി.
എനിക്ക്
ചോദ്യങ്ങൾ തറച്ച്
പനിപിടിച്ചു.
-മുനീർ അഗ്രഗാമി

ഒച്ച

 ഒച്ച

.................
അടുക്കളയിലെ
അഴിയാക്കുരുക്കിലോ
പാർക്കിലെ മരബെഞ്ചിലെ
സ്വതന്ത്രമായ മുടിയിഴകളിലോ
സൈബർ അഴിക്കുള്ളിലോ
നിങ്ങൾ അവളെ തിരയുന്നു
അവൾ തെരുവിൽ
മുദ്രാവാക്യം വിളിക്കുന്നു
അങ്ങോട്ട് നോക്കാതിരിക്കാനാവാത്ത വിധം
ഉച്ചത്തിൽ കൈ ഉയർത്തിപ്പിടിക്കുന്നു
രാജ്യത്തിന്റെ കുനിഞ്ഞ ശിരസ്സ്
പെട്ടെന്നുയർന്ന പോലെ
അവൾക്കടുത്ത് അവൻ
അവനടുത്ത് അവൾ
അവൻ അവൻ
അവൾ അവൾ
അവർ അവർ
ഒച്ച വലിയ മരുന്നാകുന്നു
മൗനമെന്ന മഹാമാരി മാറുന്നു
രാജ്യം ഉയർന്നു നിന്ന് അത് കാണുന്നു
- മുനീർ അഗ്രഗാമി

കാണൽപുഴ

 കാണൽപുഴ

...............
കാണുമ്പോൾ
മുഖം പകൽജലം പോലെ
തെളിഞ്ഞൊഴുകും
പ്രവാഹത്തിന്റെ
പതിഞ്ഞശബ്ദം മാത്രമല്ലല്ലോ നദി.
ഒഴുക്കിന്റെ
വളവുകളിൽ
വെളിച്ചം കൊത്തിവെക്കുന്ന
ശില്പം കൂടിയാണല്ലോ.
അതുകൊണ്ട്
കാണൽ ഒരു കവിതയാണ്
നമ്മൾ തമ്മിലാവുമ്പോൾ
അത്‌ മഹാകാവ്യവും
- മുനീർ അഗ്രഗാമി

അറിവ്

 അറിവ്

.................
ഞാൻ
ഞാനറിയുന്ന ഒരാളല്ല
ഞാൻ
ഞാനറിയുന്ന മറ്റൊരാളല്ല
നടന്ന വഴികളിൽ
മഴകളിൽ
അലിഞ്ഞു തീരാത്ത
ഒരാളിലേക്കുള്ള വഴിയിൽ
അലഞ്ഞു തീരാതെ
ഞാൻ നിൽക്കുന്നു.
എന്നെത്തന്നെ
നോക്കി നിൽക്കുന്നു
ഞാൻ
ഞാനറിയുന്ന ഒരാളല്ല
ഇന്നലെ
നടന്ന വഴിയിലെ
മഞ്ഞിൽ
ആറിയ തണുപ്പിൽ
എന്റെ ഒരില
കൊഴിഞ്ഞതിന്റെ
വേദനയുടെ ഒരക്ഷരം!
ഞാൻ ഞാനറിയുന്ന
മറ്റൊരാളുമല്ല
- മുനീർ അഗ്രഗാമി
You, Sugatha Pramod, GirijaDevi Keechempillil Raghavan Nair and 21 others
2 comments
Like
Comment
Share