കയ്യില്‍ പത്രവും പിടിച്ച്



സായന്തനത്തില്‍

വീണ പൂവുകല്‍ക്കടുത്തേക്കോടി
മുല്ലമുത്തുകള്‍ പെറുക്കി 
 മകള്‍ക്കൊരുപൂമാല കോര്‍ത്തു

രാത്രിയായി

അവളുടന്‍ പൂത്തു

നിലാവെളിച്ചം പരന്നു

നേരം വെളുത്തു

കയ്യില്‍ പത്രവും പിടിച്ച്

എന്നെ തുറിച്ചു നോക്കി
വീണപൂവുപോലവളും വാടി...
പൂവുകള്‍ വീണ്ടും വീണുകൊണ്ടിരുന്നു...

...................



മരിച്ചവരുടെ ഓര്‍മ്മയില്‍ ജീവിക്കുമ്പോള്‍
പേടിയൊരു വള്ളി യായ് ച്ചുറ്റി പ്പടരും
ചേരയായ് വരിഞ്ഞുമുറുക്കും
പെണ്ണു പേമാരിയാവുമവന്റെ കണ്ണില്‍
അവനൊഴുകിത്തീരും
ആരുമവനെക്കണ്ടെന്നു വരില്ല
ആളുകളെല്ലാം 
 അവളുടെ മരണത്തോടൊപ്പം
വിശുദ്ധരായ് അവനെതിരെ തിരിഞ്ഞുവോ?

പാട്ടുമാത്രമല്ലല്ലോ ജീവിതം



ആരും പറയാതെ അവള്‍ വന്നു
പറയാതെ ഇറങ്ങിപ്പോയി
അന്നേരം  
പൊട്ടിപ്പോയ കമ്പിയിലായിരുന്നു
എന്റെ സംഗീതം
ആരോടും ഒന്നും പറയാന്‍ പോയില്ല
പാട്ടുമാത്രമല്ലല്ലോ ജീവിതം

എന്നിട്ടും ഞാനെങ്ങനെ?



നിലാവും നിഴലും വെട്ടിമുറിച്ച്
പൂവും പൂമരവും കത്തിച്ച്
അന്പത്തിയൊന്നക്ഷരവും വെട്ടിമുറിച്ച്
ക്ലാസിക്കല്‍ പദവിയുമായ്
പറന്നു പോകുന്നവരേ
ഞാനിതിലെ നടന്നുപോകുന്നുണ്ട്
എന്‍റെ കണ്ണീരിത്തിരി  
പുഴയില്‍ ബാക്കിയുണ്ട്
എന്‍റെ വീട്ടിന്നടിയിലൊരു  
കുന്നുകിടക്കുന്നുണ്ട്
എന്നിട്ടും ഞാനെങ്ങനെ നി
ങ്ങളുടെ സമ്മാനപ്പൊതിയില്‍
അകപ്പെട്ടൊരുറുമ്പായ്  
മധുരം നുണഞ്ഞിരിക്കുന്നു?

വീട്ടിലേക്കുള്ള വഴി



വീട്ടിലേക്കുള്ള വഴിയിലവള്‍ പെയ്തു നനഞ്ഞു ;
ഇല്ല, 
ഞാനൊന്നും പറഞ്ഞിട്ടില്ല .
പണ്ടിതുവഴി  
എന്‍റെ കൈപിടിച്ചുനടന്നപ്പോള്‍
പെയ്ത വേനല്‍മഴ ഓര്‍മ്മ വന്നതാവണം .
ഞാനും നനഞ്ഞു , 
വിണ്ടുകീറിയ വഴിയില്‍
ഓര്‍മ്മകള്‍ വീണു കുതിര്‍ന്നു;
വീട്ടില്‍ കരിയിലകളും  
മാറാലയും കാത്തിരിക്കുന്നുണ്ട്