എന്റെ ഭാഷകൾ

എന്റെ ഭാഷകൾ
...........................
എല്ലാ ഭാഷകളും എന്റെ ഭാഷയാണ്
അർത്ഥങ്ങൾ എന്റെ ഉള്ളിൽ നിന്നിറങ്ങി
വാക്കുകളിൽ ചെന്നിരിക്കുമ്പോൾ
ഞങ്ങൾ തിരിച്ചറിയുന്നു
മകൻ ,അച്ഛൻ ,വല്യച്ഛൻ
എന്നിവർ വിളി കേൾക്കുന്ന ശബ്ദങ്ങൾ
എന്റെ ചരിത്രമാണ്
പുഴ ,പൂവ് ,പുഴു
എന്നിവ
എന്റെ കണ്ണണുകളിൽ ജീവിക്കുന്നതു തന്നെ
ചില ലിപികൾ
അണ്ണാന്റെ മുതുകിലെ
വരപോലെ,
മീനിന്റെ വാലിലെ എഴുത്ത് പോലെ,
മരത്തിൽ ഋതുക്കൾ വരയ്ക്കുന്ന കവിത പോലെ
എനിക്ക് വായിക്കാനാവുന്നില്ല
എന്നേയുള്ളൂ
ചില ഭാഷയിലെ ശബ്ദങ്ങൾ
കളിയൊച്ച പോലെ
പൂച്ചകളുടെ വഴക്കു പോലെ
നെഞ്ചിൽ ചവിട്ടല്ലേ എന്ന്
കരിയില പറയുമ്പോലെ
എനിക്ക് മനസ്സിലാവുന്നില്ല
എന്നേയുള്ളൂ
എല്ലാ ഭാഷകളിലും ഞാനുണ്ട്
തടാകത്തെ കുറിച്ചും
കലാപത്തെ കുറിച്ചും
കണ്ണിമകളെ കുറിച്ചും
വിപ്ലവത്തെ കുറിച്ചും
എഴുതുന്നു
സത്യത്തിൽ ഭാഷ ദൈവമാണ്
അർത്ഥം അവന്റെ ഉണ്മയാണ്
അക്ഷരങ്ങൾ മൂർത്തികളാണ്
ഉച്ചാരണം പ്രാർത്ഥനകളാണ്
പ്രജകൾ വാക്കുകളുണ്ടാക്കി
അവനെ ആരാധിക്കുകയാണ്
എല്ലാ ഭാഷകളും
സത്യത്തിൽ ഒരു ഭാഷയാണ്
ഏക ദൈവത്തെ പോലെ
ഏതു ഭാഷയിലേയും കവിത
സച്ചിദാനന്ദവും.
-മുനീർ അഗ്രഗാമി

No comments:

Post a Comment