തേൻതുള്ളിക്കവിതകൾ 26.കടൽ


കടൽ നെയ്യുന്ന
നൂലുകളാണ് പുഴകൾ
നൂലുണ്ടാക്കുന്ന
പണിക്കാരിയാണ് മഴ

തേൻതുള്ളിക്കവിതകൾ 25.അവൾ


മഴയായിപ്പോയതുകൊണ്ടാണ്
അവൾ പുഴയിലേക്ക്
ആരോടും പറയാതെ
ഒഴുകിപ്പോയത്

തേൻതുള്ളിക്കവിതകൾ 24.കറുപ്പിൽ വെളുപ്പ്/വെളുപ്പിൽ കറുപ്പ്


കറുപ്പിൽ വെളുപ്പ് ഒരു ചിരിയാണ്
ചന്ദ്രക്കലപോലെ
വെളുപ്പിൽ കറുപ്പ് ഒരു വേദനയാണ്
പച്ചരിയിലെ കല്ലുപോലെ

മത്സരം



ആമയും മുയലും മത്സരം പഠിപ്പിച്ച
കുട്ടികൾ വലുതായി
ചിലർ ആമയെ പോലെ ജയിച്ചു
ചിലർ മുയലിനെ പോലെ ഉറങ്ങിപ്പോയി
മറ്റു ചിലർ ആമയ്ക്കു മുകളിലൂടെ ഓടിപ്പോയി
മറ്റു ചിലർ മുയലിനടിയിലൂടെ ഇഴഞ്ഞുപോയി
അങ്ങനെ അവർ രാജ്യത്തിന്റെ കേന്ദ്രത്തിലും
അതിർത്തികളിലും ചെന്നെത്തി
അതിർത്തിയിൽ വെച്ച്
ആമയും മുയലും വസിക്കുന്ന കാടിനടുത്തുള്ള
ഗ്രാമത്തലവൻ അവരോടു ചോദിച്ചു ,
വാസ്തവത്തിൽ ആമ ആമയോടും
മുയൽ മുയലിനോടുമല്ലേ മത്സരം വെക്കേണ്ടത് ?
ഒരു ജീവജാതി എങ്ങനെയാണ്
മറ്റൊരു ജീവജാതിയോടു മത്സരിക്കുക ?
അയാൾ കുരങ്ങിനോടും
കടുവയോടും ആനയോടും മത്സരിക്കാനറിയാതെ
അവയെ സ്നേഹിക്കുകയായിരുന്നു
അയാൾക്ക് ആമയുടെയും മുയലിന്റെയും
കഥ പഠിക്കുന്ന കുട്ടികളെ കാണാൻ കൌതുകം തോന്നി
അന്നേരം മുതിർന്നവർ പറഞ്ഞു ,
കുട്ടികൾ മത്സരപ്പരീക്ഷയ്ക്ക് ഒരുങ്ങുകയാണ്
മനുഷ്യരും മൃഗങ്ങളും അവരെ ശല്യപ്പെടുത്തിക്കൂടാ
അവരുടെ ഹോസ്റ്റലിനടുത്തേക്കുപോലും
ആർക്കും പ്രവേശനമില്ല
അയാൾ ഒന്നും പറഞ്ഞില്ല
കുറ്റിക്കാട്ടിൽ നിന്നും അടുത്തേക്കുവന്ന മുയലിനെ
ഒന്ന് തലോടി അയാൾ കാടു കയറി .

തേൻതുള്ളിക്കവിതകൾ 23.നീയുണ്ടായാൽ


വെറുക്കുവാനെങ്കിലും
നീയുണ്ടായാൽ മതി
ജീവിതമുണ്ടെന്നു തോന്നുവാൻ

തേൻതുള്ളിക്കവിതകൾ 22.പടിഞ്ഞാറോട്ട്


കിഴക്കോട്ടു പോകേണ്ട വണ്ടിയിൽ
പടിഞ്ഞാറോട്ടു പോകുന്നു
ഡ്രൈവറാരെന്നറിയാതെ
നമ്മുടെ കുട്ടികൾ

തേൻതുള്ളിക്കവിതകൾ 21.രാത്രിക്കാക്ക


രാത്രി, പകലുകാണാത്ത ഒറ്റപ്പെട്ട
ഒരു കാക്കയാണ്
രാത്രിമഴയിലത്
ചിറകു കുടഞ്ഞ് കുളിക്കുന്നു

തേൻതുള്ളിക്കവിതകൾ 20.യുദ്ധം

.
യുദ്ധം കുഞ്ഞുങ്ങളുടെ
മുതുകിൽ വെച്ച കാല്
എടുക്കെന്നു പറയാൻ
മുതിർന്നവരാരും
ഉയിർത്തെഴുന്നേറ്റില്ല

തേൻതുള്ളിക്കവിതകൾ 19.അടങ്ങാതെ


കടലിൽ മരിച്ചവരുടെ
തിളച്ചുമറിയുന്ന ആഗ്രഹങ്ങൾ
അടങ്ങാതെ തിരകളിൽ പതയുന്നു

വയൽഗുരു


സയൻസ് ലാബിൽ നിന്നും
തവളയുടെ ആത്മാവിനൊപ്പം
ഇറങ്ങിയോടിയ ബുദ്ധൻ
വയലിനെ ഗുരുവായ് സ്വീകരിക്കുന്നു

നെൽച്ചെടിയിൽ നിന്ന്
ചെളിയും മനുഷ്യനും തമ്മിലുള്ള
വിശുദ്ധപാലത്തെ കുറിച്ചു പഠിക്കുന്നു
പുൽച്ചാടിയിൽ നിന്ന്
ചെടികളെക്കാളും പച്ചയുള്ള
ജീവിതങ്ങളെ കുറിച്ച് പഠിക്കുന്നു
കൊക്കിൽ നിന്ന്
വെളുപ്പു ധരിച്ചവരെക്കാളും
വെളുപ്പുള്ള ധ്യാനം പഠിക്കുന്നു
സ്വർഗ്ഗത്തിൽ നിന്നും
ഇറങ്ങിവന്നപോലെ
എല്ലാരോടും ഒരേപോലെ പെരുമാറുന്ന
മഞ്ഞിൽ നിന്ന് സ്നേഹം പഠിക്കുന്നു
ഞാറിന് വെള്ളം കൊടുക്കുമ്പോൾ
എല്ലുന്തിയ കർഷകനിൽ നിന്ന്
കുടുംബസ്നേഹം പഠിക്കുന്നു
തെങ്ങോലയിൽ വന്നിരുന്ന തത്തമ്മയെയും കുഞ്ഞിനെയും കണ്ട്
രാമായണത്തിനും മുമ്പുള്ള മാതൃത്വം പഠിക്കുന്നു
മണ്ണിരയിൽ നിന്ന്,
ഇനി പിറക്കാനുള്ള തലമുറയ്ക്കു വേണ്ടി
നിസ്വാർത്ഥമായ്
മണ്ണൊരുക്കുന്നതിനെ കുറിച്ച് പഠിക്കുന്നു
ബുദ്ധനെന്നു പേരുള്ള കുട്ടിക്ക്
സിദ്ധാർത്ഥന്റെ കൊട്ടാരത്തെക്കാളും സൗകര്യമുള്ള ക്ലാസ്സിൻ
എങ്ങനെയാണിരിക്കാൻ കഴിയുക!
സിദ്ധാർത്ഥൻ ബോധിച്ചുവട്ടിലിരുന്നപോലെ
അയാൾ ആകാശച്ചുവട്ടിലിരിക്കുന്നു
വയൽവരമ്പിലെ കുഞ്ഞുപുൽക്കൊടിക്കൊപ്പം ധ്യാനിക്കുന്നു
ഒരു ചാറ്റൽമഴ തൊടുമ്പോൾ
അയാൾക്ക് ജ്ഞാനോദയമുണ്ടാകും

തേൻതുള്ളിക്കവിതകൾ 18. തുന്നൽക്കാരി


സ്വന്തമായൊരു വീടുണ്ടായിട്ടും
സ്വപ്നം തുന്നിക്കൊണ്ടിരിക്കുന്നു
പാവം തുന്നൽക്കാരി പക്ഷി

തേൻതുള്ളിക്കവിതകൾ 17.നീ ചിരിക്കുമ്പോൾ


നീ ചിരിക്കുമ്പോൾ
നനഞ്ഞുകുതിർന്ന
നോവുണങ്ങുന്നു

തേൻതുള്ളിക്കവിതകൾ 16.കവിത


ഉയർന്നുയർന്ന്
വാക്കുകൾ നക്ഷത്രങ്ങളായ
ആകാശമാണ് കവിത

......................

അളിയൽ വന്നാലും
അമേരിക്ക വന്നാലും
അമ്മയെ മറക്കരുത്.

തേൻതുള്ളിക്കവിതകൾ 15.തരിച്ചു പോയ് ഞാൻ


എന്നെ ഞാനായ് നിറയ്ക്കും മഴേ
നീയായ് പുനർജ്ജനിക്കാൻ മരിക്കുന്നു
ഞാനെന്നൊരു
പുഴമൊഴി കേട്ടു തരിച്ചു പോയ് ഞാൻ

നർത്തകി


......................
വേദിയിൽ പുഴയായ്
ഒഴുകുമവൾ നർത്തകി
വേദനകൾ ദൂരേയ്ക്ക്
ഒഴുക്കുമവൾ നർത്തകി

മാനായ് മയിലായ്
വേദിയൊരു കാനനമായ്
ഞൊടിയിട മാറ്റുന്ന
ചലനമവൾ നർത്തകി
ചുവടുകളിലൊളിക്കും
കഥകൾ വിരൽത്തുമ്പിൽ
വിടർത്തിക്കാട്ടുന്ന
ചെടിയവൾ,നർത്തകി
നീലക്കടമ്പായ് നിവർന്നും
കാളിയനായ് താഴ്ന്നും
കാക്കോത്തിയായലയും
താളമവൾ നർത്തകി
താവഴി തന്നൊരഴകിൽ
മുദ്രകൾ കോർത്ത്
മുഗ്ധമാലയായ്
മാറിയവൾ നർത്തകി
മഴയൊച്ചകളിൽ മധുരമാം
കിളിയൊച്ചകൾ ചേർത്ത്
ഊഞ്ഞാലാടും പൊന്നോണ
വിസ്മയമവൾ നർത്തകി
എന്നാത്മരാഗങ്ങളിൽ
കുറുകി വന്നിരുന്ന്
തൂവെൺമ കാണിക്കുന്ന
അരിപ്രാവവൾ നർത്തകി
സന്ധ്യകൾ ഞൊറിഞ്ഞുടുത്ത്
രാവും പകലും കണ്ട്
കടൽത്തിരകളായ്
ആടിത്തിമർക്കുന്നവൾ നർത്തകി
അഗ്നിപർവ്വതത്തിൽ
ചുവന്ന പട്ടുടുത്ത്
വെളിച്ചപ്പെടുന്ന
ദേവിയവൾ നർത്തകി
മരുഭൂമിയിൽ പിടച്ച്
മണൽത്തരികളായവരിൽ
ചിങ്ങമഴയായ് ചിലമ്പ്
കെട്ടിയാടിയവൾ നർത്തകി
കണ്ടുകണ്ടിരിക്കെയെന്നെ
ആസ്വാദനത്തിൻ
ആലിലത്തോണിയിൽ
കൊണ്ടുപോകുന്നവൾ നർത്തകി ‐

തേൻതുള്ളിക്കവിതകൾ 14.മയിലേ നീയില്ലെങ്കിലും


മയിൽപീലിയിൽ
മയിലേ നീയില്ലെങ്കിലും
നീയാടിയതിന്നോളമുണ്ട്
നിന്നെ നീയാക്കിയതിൻ ചിത്രമുണ്ട്

തേൻതുള്ളിക്കവിതകൾ 13.മതിലിനു മുകളിലൂടെ


മതിലിനു മുകളിലൂടെ
പറന്നുപോയ കിളി
പൊളിച്ചു കളഞ്ഞല്ലോ
അയൽക്കാരാ നമ്മുടെ
അഹന്തകൾ!

തേൻതുള്ളിക്കവിതകൾ 12.മതങ്ങൾ


അന്വേഷി പറഞ്ഞു,
ചോദ്യങ്ങളില്ലാത്ത
ഉത്തരങ്ങളാണു മതങ്ങൾ

എകാന്തത


പൂക്കാൻ ശ്രമിച്ച്
പരാജയപ്പെടുന്ന
മരമാണ് ഏകാന്തത
ഒരു കാറ്റുപോലും
തേടിവരാതെ
ഒരു കിളിപോലും
തിരിഞ്ഞുനോക്കാതെ
ഒറ്റയ്ക്ക്
വേരുകളുടെ ശക്തിയളക്കുന്ന
നിമിഷമാണത്
വെടിയേറ്റു മരിച്ച
ഇണയെ തിരഞ്ഞ്
വഴിതെറ്റിയെത്തുന്ന ഒരുകിളി
അതിന്റെ ഏകാന്തത കോർത്ത്
ഒരു വിഷാദഗാനം
നെയ്തെടുത്താൽ മതി
ചാറ്റൽമഴ കൊണ്ടപോൽ
ഇലകളൊന്നിളകും
അതിന്റെ കോരിത്തരിപ്പിൽ
ഏകാന്തതയെങ്ങോ
പോയൊളിക്കും

തേൻതുള്ളിക്കവിതകൾ 11.ആനന്ദനൃത്തം


പിറക്കാതെപോയ വാക്കുകളുടെ
ആനന്ദനൃത്തം
ഊമയുടെ വിരലുകളിൽ

തേൻതുള്ളിക്കവിതകൾ 10.നീലയിൽ


നീലയിൽ ആകാശം
കടലാകുമ്പോൾ
കിളികളെല്ലാം മീനുകൾ

തേൻതുള്ളിക്കവിതകൾ 9.തടാകം


എന്റെ കൺതടത്തിൽ
നിന്നസാന്നിദ്ധ്യം
തടാകമുണ്ടാക്കുന്നു

തേൻതുള്ളിക്കവിതകൾ 8.തടവറ


കിട്ടിയ സ്വാതന്ത്ര്യം കാണാതെ
മോചനം കാത്തിരുന്നവൾക്കു
കാത്തിരിപ്പൊരു തടവറ

തേൻതുള്ളിക്കവിതകൾ 7.കാഴ്ചക്കടൽ


  കാഴ്ചക്കടലിലെ
പൊക്കിൾച്ചുഴിയിൽ പെട്ട്
മരിച്ചുപോയ യുവാവേ
പുനർജ്ജനിക്കണേ നീ!

തേൻതുള്ളിക്കവിതകൾ 6.വിപ്ലവം


തൂലിക പടവാളാകാതെ
പടവാൾ തൂലികയാകുന്നു പക്ഷേ
രക്തസാക്ഷികളറിയാതെ
വിപ്ലവം വിരൽത്തുമ്പിൽ
സ്വപ്നം കണ്ടുറങ്ങുന്നു

തേൻതുള്ളിക്കവിതകൾ 5.നീ


എന്റെ ഏതുവേനലിലും
നിറഞ്ഞു കവിയുന്ന നാട്ടുപുഴയായ്
ഓർമ്മയിലെ തണുപ്പിൽ
നീ ജീവിക്കുന്നു