തേൻതുള്ളിക്കവിതകൾ 52. നീക്കം


ഒറ്റയ്ക്കിരുന്ന് 
ഓർമ്മകൾ കൊണ്ടുള്ള ചെസ്സ് കളിയാണ് വിരഹം
പരിചിതമാം കരുക്കൾ കറുത്തും വെളുത്തും
നീക്കം കാത്തു കിടക്കുന്നു‐

ആരുടെ നേതാവു കളിക്കുന്നു?

നേതാവിനെയല്ല 
എന്റെ
പ്രതിനിധിയെയാണ്
 ഞാൻ തിരഞ്ഞെടുത്തത്
എന്നിട്ട് 
നീ എന്നെ തിരിഞ്ഞു നോക്കാതെ
ആരുടെ നേതാവു കളിക്കുന്നു?

സിംഹം കൊണ്ടുപോകുന്നു

മാൻമിഴികളിൽ 
ജനിക്കുമ്പോൾ തന്നെ 
പിടഞ്ഞുണരുന്ന പേടിയുണ്ട്
ധൈര്യം കൊണ്ടതു മറച്ചുവെച്ചവരെ
അതാ സിംഹം കൊണ്ടുപോകുന്നു!

തേൻതുള്ളിക്കവിത 51.മിണ്ടാതെ പോകുന്നു


വീഴുമ്പോൾ വാവിട്ടു കരഞ്ഞതിനാലാവണം
സൂര്യന്റെ കൈപിടിച്ചുപോകുമ്പോൾ
ഒന്നും മിണ്ടാതെ പോകുന്നു,മഴ!

തേൻതുള്ളിക്കവിതകൾ 50.പരവതാനികൾ


ഭാവിയിൽ സഞ്ചരിക്കാൻ
ചെറിയ ചുംബനങ്ങൾ കൊണ്ട്
നെയ്തെടുക്കുന്ന പരവതാനികൾ
നമുക്കു കുഞ്ഞുങ്ങൾ

തേൻതുള്ളിക്കവിതകൾ 49. ഇരുട്ടുനെയ്യുന്നു


വെളിച്ചം തിരിച്ചറിയാത്ത
 നിലവിളികൊണ്ട്
കറുപ്പ് കാടിനുള്ളിൽ
ഇരുട്ടുനെയ്യുന്നു

കാമ്പസ്

മുത്തച്ഛന് കാമ്പസ്
രബീന്ദ്രസംഗീതവും
ഗീതാജ്ഞലിയും
ഗാന്ധിജിയും
അച്ഛന് കാമ്പസ്
ഭഗത്സിംഗും ചെഗുവേരയും
മകന് കാമ്പസ്
വാലന്റൈനും ചുംബനവും
അവന്റെ ടീഷർട്ടിൽ ചെഗുവേര
അവൻ നോക്കാത്ത ഷെൽഫിൽ
ടാഗോർ
അവൻ വായിക്കാത്ത
പുസ്തകത്തിൽ ഗാന്ധിജി
അവന്റെ മകന് കാമ്പസ്
എന്തായിരിക്കും ?

ജീവിതം കാട്ടുതീയായ് കത്തുമ്പോൾ

മരിച്ചുപോയവന്റെ ഓർമ്മയിൽ
ജീവിതം കാട്ടുതീയായ് കത്തുമ്പോൾ
ദൈവവുമതിലെണ്ണയൊഴിക്കുന്നു
പച്ചപ്പെല്ലാം വേദനയ്ക്ക് കൺമഷിയാകുന്നു

ഇരുണ്ടുപോയ ഭൂതലത്തിൽ

ഇരുട്ടുണ്ടെന്നു കാണിക്കുവാൻ
വരുന്നതാണവർ
ഇരുണ്ടുപോയ ഭൂതലത്തിൽ
മിന്നാമിനുങ്ങുകൾ

തേൻതുള്ളിക്കവിതകൾ 48.കാത്തൊരു കിളി


പിണക്കത്തിന്റെ
കൊമ്പിലൊറ്റപ്പെട്ടിരിക്കുന്നു
ഇണക്കത്തിന്റെ മരം
വളരുന്നതും കാത്തൊരു കിളി

തേൻതുള്ളിക്കവിതകൾ 47.ഉയരമതിനെ...


നിലത്തുവീഴുവാനല്ലാതെ
യില്ലൊരുമാമ്പഴവും 
ഉയരമതിനെ തഴുകുമ്പോൾ.

തേൻതുള്ളിക്കവിതകൾ 46.പുഴയൊരു വാക്കാകുവാൻ


പുഴയിലേക്കൊരു നോട്ടം മതി 
പുഴയൊരു വാക്കാകുവാൻ
പുഴയിൽ നിന്നൊരു നോട്ടം മതി 
വാക്കിൽ നിന്നിറങ്ങി പുഴ
മനസ്സിലൊഴുകുവാൻ

തേൻതുള്ളിക്കവിതകൾ 45.നീ മിന്നാമിനുങ്ങായ് മാറും


എന്നിരുട്ടിലെത്തുമ്പോൾ
നീ മിന്നാമിനുങ്ങായ് മാറും
ജീവചൈതന്യം പ്രണയം

തേൻതുള്ളിക്കവിതകൾ 43.വേദനകളിൽ


ആരുടേയോ വേദനകളിൽ നാം
കലങ്ങിയൊഴുകുന്നു 
സുഖമൊരു കടലായ്
നമ്മെ കാത്തിരിക്കുന്നെങ്കിലും

തേൻതുള്ളിക്കവിതകൾ 44.പച്ചയായ്


ബന്ധം തന്നെ ബന്ധനമെന്നു
പൊട്ടിച്ചിതറും മുമ്പ്
ഉന്നക്കായ പച്ചയായ്
കാറ്റിനോടു പറയുന്നു

ചൂലിപ്പോൾ


ചൂല് ഇപ്പോൾ വെറുമൊരു
അടുക്കളക്കാരിയല്ല
ചൂല് ഈർക്കിളുകളുടെ
മഹാസമ്മേളനമാണ്
ഓരോ ഈർക്കിളും
ഓരോ സാധാരണക്കാരൻ
ഓരോ മുറ്റമടിയും
ഒരുമയുടെ വിജയം
തെരുവിലായാലും
കൊട്ടാരത്തിലായാലും
തൂത്തുവാരേണ്ടത്
അടിച്ചു ദൂരെകളയാൻ
ഇഴചേരുന്ന വിപ്ലവീര്യം
ഇടത്തും വലത്തും
അടിച്ചുവാരാൻ
ഇടവും വലവും കാടൂമൂടിയ
കാലത്ത്
വേദനിക്കുന്നവർ
കയ്യിലേന്തിയ വെടിപ്പിന്റെ
സൂചകം
ചൂല്
അമ്മയിൽ നിന്ന്
അങ്ങാടിയിലേക്ക് പടരേണ്ട
വൃത്തിയുടെ വിരലുകൾ

തേൻതുള്ളിക്കവിതകൾ 42.പുക


ഉള്ളിലേക്കു വലിക്കുമോരോ പുകയും
 ഉള്ളിലുള്ള ജീവനെ
പുറത്തേക്കു വലിക്കുന്നു

മഴത്തുള്ളി .......................


ഇലകളിൽ നിന്നിലകളിലേക്ക് വീഴുന്ന മഴത്തുള്ളിയാണു ഞാൻ
ഒരിലയും സ്വന്തമാക്കിയില്ലെങ്കിലും
മണ്ണിനെന്നെ കൈവിടാൻ പറ്റില്ലല്ലോ
പക്ഷേ
മണ്ണു സമാധാനത്തോടെ
പുണരാൻ ശ്രമിക്കുമ്പോഴേക്ക്
ഇലകൾ വേരുകളെ പറഞ്ഞയക്കുന്നു
എന്റെ മണ്ണേ എന്റെ പൊന്നേ
വേരുകൾ വിളിക്കുമ്പോൾ
പോകാതിരിക്കുന്നതെങ്ങനെ?
ഏതോസ്പർശത്തിന്റെ
മായികവലയത്തിൽ ഒരു തലോടലി ന്നോർമ്മയിൽ
ഇലകൾ കാത്തിരിക്കുകയാണ്

കസേരകളി

സുഹൃത്തേ,
നമ്മുടെ
വോട്ടുമാത്രമല്ല
നട്ടെല്ലും മന്ത്രിമാർ കൊണ്ടുപോയി
അതുകൊണ്ടവർ
കസേരകളുണ്ടാക്കി
നമ്മെ ഭരിക്കുന്നു
നേരെ നിൽക്കാനാവാതെ
എന്തിനും നാം തലയാട്ടുന്നു
കസേരകളി കണ്ട്
ദുഃഖം മറന്ന് ചിരിക്കുന്നു
കളിക്കുവാൻ നമുക്കും
കൊതിയുണ്ട്
നട്ടെല്ലു പോയതുകൊണ്ട്
നേരെ നിൽക്കാൻ പറ്റാതെ
നാം വീഴുന്നു
കിടന്ന കിടപ്പിൽ
ജോലിക്കുവേണ്ടി നാമെഴുതിയ
അപേക്ഷകൾ
നേരെ നിൽക്കുന്നവർ കീറിക്കളയുന്നു
ഇനി നമുക്കൊരു വഴിയേയുള്ളൂ
വിപ്ലവം
നട്ടെല്ലു തിരിച്ചു പിടിക്കാനുള്ള
മഹാവിപ്ലവം

അമ്മേ ഈ വെളിച്ചമെനിക്ക് ഇരുൾ തരുന്നു

അമ്മേ
എന്തൊരിരുട്ടാണ്
ഈ വെളിച്ചത്തിന്!
അമ്മ നോക്കാൻ പറഞ്ഞതൊന്നും
കണ്ടതേയില്ല
വെളിച്ചത്തിന്റെ വെളിച്ചത്തിൽ ലയിച്ച്
അവ വെളിച്ചത്തിന്റെ
ഇരുളായ് മറഞ്ഞിരുന്ന്
എന്നെ നോക്കി രുചിക്കുന്നു
വെളിച്ചം
കാണിക്കേണ്ടതു മാത്രം കാണിച്ച്
എന്റെ കാഴ്ചയെ
പൊളിച്ചു പണിയുന്നു
അമ്മേ
ഈ വെളിച്ചമെനിക്ക്
ഇരുൾ തരുന്നു
നീ കെട്ടുപോയ
അന്നുമുതൽ.

തേൻതുള്ളിക്കവിതകൾ 41. സ് നേഹത്തിന്റെ മലഞ്ചെരിവിൽ


സൗഹൃദത്തിന്റെ
 വിത്തുണ്ടാവണമോരോ മനസ്സിലും
സ് നേഹത്തിന്റെ മലഞ്ചെരിവിൽ
വളരുന്ന നിത്യഹരിതവനങ്ങളാകുവാൻ

തേൻതുള്ളിക്കവിതകൾ 40.ജല്ലിഫിഷായ്


കരയെ കടലാക്കുന്നു
ജല്ലിഫിഷായ്
 നീന്തി നീന്തി 
അപ്പൂപ്പൻതാടികൾ.

ചിമ്മിനി

ഇരുട്ടിൽ
 മഞ്ഞപ്പൂവുകൾ വിടർത്തിയ
പാവങ്ങളുടെ സൂര്യനായിരുന്നു
ചിമ്മിനി

ആ പൂവിലിരുന്നാണ്
പുഴുക്കളായിരുന്ന ഞങ്ങൾ
അക്ഷരവും വിപ്ലവവും പഠിച്ച്
ശലഭങ്ങളായത്


പിന്നീട്
രാത്രികൾ പകലാക്കുന്നവർ
വന്നപ്പോൾ
കുട്ടിച്ചാത്തനും യക്ഷിയും
പോയപോലെ
ചിമ്മിനിയെയും കാണാതായി

തേൻതുള്ളിക്കവിതകൾ 38.നീ മരുന്നായ്


നിന്റെ മഴ കൊണ്ട്
പനി പിടിക്കുമ്പോൾ
നീ മരുന്നായ് 
അടുത്തിരിക്കുന്നതല്ലാതെ
മറ്റൊന്നുമല്ല പ്രണയം

തേൻതുള്ളിക്കവിതകൾ 39.മമ മധുരമേ


നിളാനദിയ്ക്കുദകക്രിയ
ചെയ്യുവാനെങ്കിലും 
ജീവിച്ചിരിക്കുമോ നീ
മമ മധുരമേ,മലയാളമേ!

തേൻതുള്ളിക്കവിതകൾ 37.നീയുണ്ടാക്കുന്ന അത്ഭുതം


വെളിച്ചം കൊണ്ട് ജലകണങ്ങൾ
മഴവില്ലുണ്ടാക്കുംപോലെ
നീയുണ്ടാക്കുന്ന അത്ഭുതം കാണാൻ
എന്റെ വെളിച്ചം നിനക്കു തരുന്നു

തേൻതുള്ളിക്കവിതകൾ 36.ഉറക്കം


അസ്വസ്ഥമായ 
പകലിന്റെ കുഞ്ഞുങ്ങളാണ് സ്വപ്നങ്ങൾ;
ഉറക്കം അവയുടെ അമ്മയും.

കൊണ്ടുപോയി

വികസനം വന്നു പ്രിയേ
നാം കൈപിടിച്ചു നടന്നൊരിടവഴി
കൊണ്ടുപോയി
നാം ഇളവെയിലേറ്റു നടന്ന
 പാടവും കൊണ്ടുപോയി
റോഡു നമ്മുടെ മുറ്റത്തു വന്നുനിന്നു
നമ്മിൽനിന്നു നമ്മെയും കൊണ്ടുപോയി

തേൻതുള്ളിക്കവിതകൾ 35.മീനില്ലാ കുളം


മയിലാടും കുന്നുകാണാൻ
പോയപ്പോൾ 
മീനില്ലാ കുളമവിടെ
കാത്തുനിൽക്കുന്നു

തേൻതുള്ളിക്കവിതകൾ 34.ഇപ്പോഴുമുണ്ട്


ഞാനെടുത്തുവച്ച വളപ്പൊട്ടുകളിൽ
 ഇപ്പോഴുമുണ്ട് നമ്മുടെ കലമ്പൽ
ഇടയ്ക്കൊരു കള്ളച്ചിരിയും

മധുരം ............


ഒറ്റയ്ക്കൊരു നാലുകെട്ടിൽ
കട്ടിലിനു കാവലെന്നപോൽ
മധുരമെല്ലാം തീർന്നുപോയ അച്ഛൻ 
അകത്തുള്ള മധുരം കുറയ്ക്കുവാൻ
ഗുളിക കഴിക്കുന്നു
പുറത്തുള്ള മധുരം
മധുമാസമായ നാളുകളിൽ
അവനുമവളും പറക്കമുറ്റാതെ
അച്ഛാ അച്ഛായെന്നു വിളിച്ച്
അടുത്തുണ്ടായിരുന്നു
അവർ പറന്നുപോയിട്ടും
ഒരു പൂവ് വാടാതെ
അച്ഛന് പരിമളം കൊടുത്ത്
തൊട്ടുതൊട്ടിരുന്നു
പുകയായവളും പോയനാൾ
ചുറ്റുമുള്ള മധുരമെല്ലാം വറ്റി
അച്ഛൻ കയ്പ്പറിയുന്നു
എന്നിട്ടും അകത്താരോ
മധുരം കൊണ്ടുവെക്കുന്നു
പറന്നുപോയവർ
തിരിച്ചു വന്നാലും
മധുരമാസ്വദിക്കാൻ വയ്യാതെ
അച്ഛൻ മധുരം കുറയ്ക്കുവാൻ
ഗുളിക കഴിക്കുന്നു

തേൻതുള്ളിക്കവിതകൾ 33.ജീവിതവേനലിൽ


ജീവിതവേനലിൽ
ഒരോർമ്മയുടെ തണൽ മതി
വാടാതെ വളരുവാൻ.

അവ വന്നിരിക്കുമിതളുകളിൽ

പ്രായമായി മരിച്ച പൂക്കളുടെ
ആത്മാക്കളാണ് പൂമ്പാറ്റകൾ
നിറങ്ങളാണവയുടെ സുകൃതം
അവ വന്നിരിക്കുമിതളുകളിൽ
പുതു തലമുറയ്ക്കവ കാട്ടുവാൻ

തേൻതുള്ളിക്കവിതകൾ 32.മണ്ണിലുണ്ടാവണം


പൂത്തുലയുവാൻ
മണ്ണിൽ നിന്നുയരണം
പക്ഷേ,വേരുകൾ 
മണ്ണിലുണ്ടാവണം

തേൻതുള്ളിക്കവിതകൾ 31.പ്രതിമ


പ്രതിമകൾ മൂർത്തികളാണ്.
പാപികളുടെ പ്രതിമകൾ
പാപം ചെയ്യുന്നവർക്കും
നല്ലവരുടെ പ്രതിമകൾ
നൻമ ചെയ്യുന്നവർക്കും ആരാധിക്കാൻ

കവിതയിൽ

നിന്റെ കവിതയിൽ 
 നീ
നീ യെന്നെഴുതുമ്പോൾ
നാം 
കഥയാകുന്നു
ഞാൻ 
കഥാപാത്രമാകുന്നു

തേൻതുള്ളിക്കവിതകൾ 30.നേർത്ത നനവായ്


അവളുടെ കൺതടത്തിൽ 
നേർത്ത നനവായ്
നീ ചോർന്നുപോയല്ലോ
കാമുകാ! കഷ്ടം

തേൻതുള്ളിക്കവിതകൾ 29.സന്ധ്യയെന്നെന്നെ...


കറുപ്പിനും വെളുപ്പിനും ഇടയ്ക്ക്
നിറങ്ങളിൽ സ്ത്രീയെപോൽ
 കുറച്ചുനേരം ജീവിക്കുന്നതിനാൽ
സന്ധ്യയെന്നെന്നെ വിളിക്കുന്നുവോ!

തേൻതുള്ളിക്കവിതകൾ 28.അഭയം


സംഗീതം വീടുവിട്ടുപോകുന്ന
പ്രയാണകലയാണ്
കേൾക്കുന്നവരുടെ ഹൃദയത്തിൽ
അത് അഭയം തേടുന്നു

തേൻതുള്ളിക്കവിതകൾ 27. പാട്ട്


കേൾക്കാത്ത പാട്ടിന്റെ 
അതിമധുരത്തെക്കുറിച്ച് പറഞ്ഞ്
കേൾക്കുന്ന പാട്ട് ആസ്വദിക്കാൻ
സമ്മതിച്ചില്ല;പുരോഹിതൻ